
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിന് മറുപടിയുമായി വീണ്ടും കെ മുരളീധരന്‍. താന്‍ പലതവണ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. എന്നാല്‍ ഡോക്ടര്‍ പഞ്ചായത്തിലേക്ക് എങ്കിലും ജയിച്ചിട്ടുണ്ടോയെന്ന് കെ മുരളീധരന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.
'ഞാന്‍ തോറ്റിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ജയിച്ചിട്ടുമുണ്ട്. ഡോക്ടര്‍ പഞ്ചായത്തിലേക്ക് എങ്കിലും ജയിച്ചിട്ടുണ്ടോ. പാര്‍ട്ടിക്കാരെ മത്സരിപ്പിക്കാനാണ് ഞാന്‍ പറഞ്ഞത്. വെറുതെയെന്തിനാണ് ഡോക്ടര്‍മാരെ വഴിയാധാരം ആക്കുന്നത് എന്നാണ് ചോദിച്ചത്. വ്യക്തിപരമല്ല. ഡോക്ടര്‍ ഇങ്ങനെ ചൂടാവേണ്ടതില്ല, രാഷ്ട്രീയത്തില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്', എന്നും കെ മുരളീധരന്‍ പറഞ്ഞു.
പോസ്റ്റിട്ടതുകൊണ്ട് ഡോക്ടര്‍ക്ക് ഒരുമെച്ചം കിട്ടി. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ സമയം കിട്ടി. അത് തന്റെ അഡ്രസിലായതുകൊണ്ട് തനിക്കും സന്തോഷം ഉണ്ട്. ജനശ്രദ്ധയിലേക്ക് വന്നല്ലോയെന്നും മുരളീധരന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം പൊതു സ്വതന്ത്രനായി ഡോ. ഷിനാസ് ബാബുവിനെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'സിപിഐഎം അവസാനം ഒരു ഡോക്ടറില്‍ ചെന്നെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഞങ്ങളുടെ ഡോക്ടര്‍മാരെ വഴിയാധാരമാക്കരുതെന്ന് മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും അഭ്യര്‍ത്ഥിക്കാന്‍ ഐഎംഎ തയ്യാറാകണം' എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.
പിന്നാലെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് എംഎല്‍എക്കെതിരെ മത്സരിച്ച ജോ. ജോസഫ് മറുപടിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്നും രാഷ്ട്രീയമായോ സാമ്പത്തികമായോ പ്രൊഫഷണലിയോ താന്‍ വഴിയാധാരമായിട്ടില്ലെന്നുമായിരുന്നു ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.
Content Highlights: K Muraleedharan Reply to Dr jo joseph Nilambur election