'യുഡിഎഫ് സ്ഥാനാർത്ഥി എന്നത് ഷൗക്കത്തിൻ്റെ ഏക പ്ലസ് പോയിൻ്റ്, സ്വരാജിൻ്റെ വരവ് ആവേശം വർധിപ്പിച്ചു': കെ എം ഷാജി

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിൻ്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന അഭിപ്രായമില്ലെന്ന് കെ എം ഷാജി

'യുഡിഎഫ് സ്ഥാനാർത്ഥി എന്നത് ഷൗക്കത്തിൻ്റെ ഏക പ്ലസ് പോയിൻ്റ്, സ്വരാജിൻ്റെ വരവ് ആവേശം വർധിപ്പിച്ചു': കെ എം ഷാജി
dot image

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് വന്നതോടെ യുഡിഎഫിൻ്റെ ആവേശം വര്‍ധിച്ചുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സ്വരാജിൻ്റെ വരവോടെ നിലമ്പൂരില്‍ രാഷ്ട്രീയ മത്സരത്തിൻ്റെ സാധ്യത വര്‍ധിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നതാണ് ആര്യാടന്‍ ഷൗക്കത്തിൻ്റെ ഏക പ്ലസ് പോയിൻ്റ്. അതിനേക്കാള്‍ വലിയ പ്ലസ് പോയിൻ്റ് ആര്യാടന്‍ ഷൗക്കത്തിന് ആവശ്യമില്ലെന്നും കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

സ്വരാജ് വരുമ്പോള്‍ ചോദിക്കാവുന്ന ചില രാഷ്ട്രീയ ചോദ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. സ്വരാജ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് പിണറായി മാനറിസം ശരീരത്തില്‍ ആവാഹിച്ചുകൊണ്ടാണ്. ആ കാലത്താണ് അദ്ദേഹം പിണറായി ഭക്തി മൂത്ത് വി എസ് അച്യുതാനന്ദനെ ചീത്തവിളിക്കുന്നത്. സ്വരാജ് മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് വി എസ് അച്യുതാനന്ദനെ കണ്ട് മാപ്പ് പറയണം. അത്രയും വലിയ പാതകങ്ങളാണ് സ്വരാജ് ചെയ്തതെന്നും കെ എം ഷാജി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന് പേടിച്ച് നിലമ്പൂരിലെ ഡോക്ടര്‍മാരൊക്കെ ഊട്ടിക്കും കൊടൈക്കനാലിലും ടൂര്‍ പോയിരിക്കുകയാണെന്നും കെ എം ഷാജി പരിഹസിച്ചു.

സമീപകാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം. യുദ്ധം പാകിസ്താന്‍ ഉണ്ടാക്കിയതാണെന്ന് ബോധ്യപ്പെടുത്താന്‍ തങ്ങളുടെ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ലോകരാജ്യങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധം അനാവശ്യമായിരുന്നു എന്ന നിലപാട് സ്വീകരിച്ചയാളാണ് സ്വരാജ്. നിലമ്പൂരില്‍ മത്സരത്തിനിറങ്ങുമ്പോഴും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് സ്വരാജ് വ്യക്തമാക്കണമെന്നും കെ എം ഷാജി പറഞ്ഞു.

നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നതെന്നും കെ എം ഷാജി പറഞ്ഞു. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വിഷയങ്ങള്‍ ചര്‍ച്ചയാകും. അന്‍വര്‍ ഒപ്പം നില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹം. നില്‍ക്കുമെന്ന് തന്നെ കരുതുന്നുവെന്നും കെ എം ഷാജി പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ പ്രതികരണങ്ങളിലും കെ എം ഷാജി പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന അഭിപ്രായമില്ലെന്ന് കെ എം ഷാജി പറഞ്ഞു. യുഡിഎഫ് പറയുന്ന സ്ഥാനാര്‍ത്ഥിയെ എല്ലാവരും അംഗീകരിക്കണമെന്ന നിര്‍ബന്ധമില്ലെന്ന് കെ എം ഷാജി പറഞ്ഞു.

സ്വരാജ് നിലമ്പൂരുകാരന്‍ ആണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരന്‍ ആയിരുന്നു. അന്ന് അന്‍വറിനെ നിലമ്പൂരിലും സ്വരാജിനെ തൃപ്പൂണിത്തുറയിലും മത്സരിപ്പിച്ചത് എന്തിനായിരുന്നുവെന്ന് കെ എം ഷാജി ചോദിച്ചു. റിയാസിന് സ്ഥാനങ്ങള്‍ കിട്ടാന്‍ സ്വരാജ് പാടില്ലെന്ന് തീരുമാനിച്ചാല്‍ വേറെ നിവൃത്തിയുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു. സിപിഐഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടം നയിക്കുന്നയാളാണ് സ്വരാജ്. പിണറായിക്ക് ബദല്‍വെയ്ക്കാന്‍ കഴിയുന്ന നേതാവ്. നിലമ്പൂരില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് സ്വരാജിനെ അവസാനിപ്പിക്കാന്‍ ആണോ എന്നും കെ എം ഷാജി ചോദിച്ചു.

Content Highlights- K M Shaji on m swaraj candidateship

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us