
കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാര്‍ട്ടിയും എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് ചോദിച്ചു.
താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേയ്ക്ക് എത്തിയത്. എഐസിസി പരിശോധിച്ച ശേഷം ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തി. അതിനെയാണ് അന്‍വര്‍ എതിര്‍ത്തത്. യുഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഹൈക്കമാൻഡിന്റെ തീരുമാനം എതിര്‍ത്താല്‍ അതിനെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് അന്‍വര്‍ മറുപടി പറയണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അന്‍വറിന് അതിനോട് യോജിക്കാന്‍ കഴിയണമെന്ന് സണ്ണി ജോസഫ് പറഞ്ഞു. കെ സി വേണുഗോപാല്‍ എല്ലാ കാര്യങ്ങളും മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ നിലമ്പൂര്‍ ഒതായിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ പി വി അന്‍വര്‍ എണ്ണിപറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവര്‍ ഇരുവരുമാണ്. എന്നാല്‍ വി ഡി സതീശന്‍ അടക്കം മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.
Content Highlights- kpcc president sunny joseph against P V Anvar