
കണ്ണൂര്‍: മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന് ഇന്ന് 75-ാം പിറന്നാള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലുള്ള അമര്‍ഷം മറന്ന് പാര്‍ട്ടി പരിപാടികളില്‍ സജീവമായിരിക്കുകയാണ് ഇ പി ഇപ്പോള്‍. നിലവില്‍ കര്‍ഷകസംഘം ജാഥ നയിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളില്‍നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ഇ പി. ഏറ്റവും ഒടുവില്‍ സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇ പിയെ സജീവമായി കണ്ടത്. അന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് ഇ പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1950 മെയ് 28ന് കണ്ണൂരിലെ പാപ്പിനിശ്ശേരിയിലായിരുന്നു ഇ പി ജയരാജന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂര്‍ പോളി ടെക്‌നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ്ങില്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല വിദ്യാര്‍ത്ഥി യുവജന സംഘടനകളായ കെഎസ്എഫ്, കെഎസ്‌വൈഎഫ് എന്നിവയിലൂടെയാണ് പൊതുരംഗത്തേയ്ക്ക് എത്തിയത്. 1977 മുതല്‍ 1980 വരെ കെഎസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചു. 1980 ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായ ഇ പി പിന്നീട് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. 1992 ല്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ ഇ പി 1995 മുതല്‍ 2002 വരെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. രാഷ്ട്രീയ സംഘര്‍ഷ ഭൂമിയായിരുന്ന കണ്ണൂര്‍ ജില്ലയിലെ കുടിപ്പക രാഷ്ട്രീയത്തില്‍ ജയരാജന് വെടിയേറ്റു. 1995ല്‍ ആന്ധ്രപ്രദേശിലെ ഓങ്കോളില്‍ വെച്ച് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു വെടിയേറ്റത്. തുടര്‍ ചികിത്സകള്‍ക്ക് ശേഷം ജില്ലാ സെക്രട്ടറി പദവിയില്‍ തിരിച്ചെത്തിയ ജയരാജന്‍ 2002ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി.
2005ലാണ് ഇ പി ആദ്യമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭാംഗമായി. 2016ലെ ഒന്നാം പിണറായി മന്ത്രിസഭയില്‍ വ്യാവസായ, കായിക വകുപ്പ് മന്ത്രിയായെങ്കിലും ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഏതാനും മാസങ്ങള്‍ക്കകം രാജിവെച്ചു. പിന്നീട് 2018ല്‍ വീണ്ടും മന്ത്രിസഭാംഗമായ ഇ പി 2021 വരെ മന്ത്രിയായി തുടര്‍ന്നു.
2022 ല്‍ എ വിജയരാഘവന് പകരം എല്‍ഡിഎഫ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടത് ഇ പി ജയരാജന്‍ ആയിരുന്നു. എന്നാല്‍ 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഉയര്‍ന്ന വിവാദങ്ങളുടെ പേരില്‍ ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്നുമെന്നുള്ള വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയതാണ് വിവാദമായത്. ആരോപണങ്ങള്‍ ഇ പി നിഷേധിച്ചെങ്കിലും കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റി പാര്‍ട്ടി വിവാദങ്ങള്‍ക്ക് താത്ക്കാലിക വിലങ്ങിട്ടു. ഇതിനിടെ തന്നെയായിരുന്നു ഇ പിക്കെതിരെ ആത്മകഥാ വിവാദവും ഉയര്‍ന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ഇ പിയെ ചൊടിപ്പിച്ചു. കുറച്ചുനാള്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നാണ് ഇ പി തന്റെ അമര്‍ഷം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെട്ട് ഇ പിയെ അനുനയിപ്പിച്ചു. ഒടുവില്‍ പാര്‍ട്ടി പരിപാടികളിലേയ്ക്ക് ഇ പി തിരികെയെത്തുകയായിരുന്നു.
Content Highlights- Ep jayarajans 75th birthday