പൊതുമധ്യത്തിൽ സൈലന്‍സറിൽ നിന്ന് തീ പുറപ്പെടുവിച്ച് ഭീതി സൃഷ്ടിച്ചു; കാർ പിടിച്ചെടുത്ത് പൊലീസ്, 22,500 രൂപ പിഴ

യൂട്യൂബില്‍ കണ്ട ഉപകരണം വിദേശത്തുനിന്ന് വരുത്തിയാണ് യുവാവ് സൈലന്‍സറിന് മാറ്റം വരുത്തിയത്

dot image

നിലമ്പൂര്‍: പൊതുമധ്യത്തില്‍ സൈലന്‍സറില്‍ നിന്ന് തീ പുറപ്പെടുവിച്ച് ഭീതി സൃഷ്ടിച്ച യുവാവിനെതിരെ നടപടി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂര്‍ പുളിക്കല്‍ സ്വദേശിയായ യുവാവിന്റേതാണ് 'തീ തുപ്പുന്ന കാര്‍'. ഇയാളുടെ കാര്‍ പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് യുവാവിന് 22,500 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ 23ന് രാത്രി നിലമ്പൂര്‍ ചന്തക്കുന്ന് മള്‍ട്ടിപ്ലക്‌സ് തിയേറ്ററിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നത്. മറ്റ് വാഹനങ്ങള്‍ക്കിടയില്‍വെച്ച് സൈലന്‍സറില്‍ നിന്ന് യുവാവ് തീ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സിഐ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരം എസ് ഐ ടി പി മുസ്തഫ, വിവേക് ജംഷാദ് എന്നിവര്‍ ചേര്‍ന്ന് കാര്‍ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ഇന്നലെ എഎംവിഐ എ അജിത് കുമാര്‍ വാഹനം പരിശോധിച്ചു.

യൂട്യൂബില്‍ കണ്ട ഉപകരണം വിദേശത്തുനിന്ന് വരുത്തിയാണ് യുവാവ് സൈലന്‍സറിന് മാറ്റം വരുത്തിയത്. പാലക്കാട്ടെ വര്‍ക്ക്‌ഷോപ്പില്‍വെച്ചായിരുന്നു മോഡിഫിക്കേഷന്‍ വരുത്തിയത്. ടയര്‍, വെളിച്ച സംവിധാനങ്ങള്‍ അടക്കമുള്ളവയില്‍ മാറ്റം വരുത്തിയതിന് അടക്കമാണ് എംവിഡി പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടച്ചതിനെ തുടര്‍ന്ന് കാര്‍ യുവാവിന് വിട്ടു നല്‍കി. യുവാവിനോട് ആര്‍സി ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം കാര്‍ പൂര്‍വസ്ഥിതിയിലാക്കി പരിശോധനയ്ക്ക് സബ് ആര്‍ടി ഓഫീസില്‍ ഹാജരാക്കണം. വീഴ്ച വരുത്തിയാല്‍ ആര്‍സി റദ്ദ് ചെയ്യും.

Content Highlights- Motor vehicle department fined man for modified car in NIlambur

dot image
To advertise here,contact us
dot image