കടല്‍ പ്രക്ഷുബ്ദം: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആഢംബര കപ്പല്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു മടങ്ങി

വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നാണ് നെഫര്‍ ടിറ്റി യാത്ര പുറപ്പെട്ടത്

dot image

എറണാകുളം: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആഢംബര കപ്പല്‍ പാതിവഴിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ച് മടങ്ങി.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ നെഫര്‍ ടിറ്റി എന്ന കപ്പലാണ് യാത്ര ഉപേക്ഷിച്ചത്. കടല്‍ പ്രക്ഷുബ്ദമായ സാഹചര്യത്തിലാണ് കപ്പല്‍ യാത്ര ഉപേക്ഷിച്ച് മടങ്ങിയത്. ഇന്ന് വൈകീട്ട് നാലുമണിയോടെ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നാണ് നെഫര്‍ ടിറ്റി യാത്ര പുറപ്പെട്ടത്. അഞ്ചുമണിക്കൂറായിരുന്നു കപ്പലിന്റെ യാത്ര.

ഒന്‍പതുമണിയോടെ തിരിച്ച് എത്തേണ്ടിയിരുന്ന കപ്പല്‍ 2 മണിക്കൂറിനുളളില്‍ തന്നെ തിരികെയെത്തുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെ കപ്പലിന് മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് ജീവനക്കാര്‍ ഈ വിവരം കെഎസ്‌ഐഎന്‍സിയെ വിവരമറിയിക്കുകയും തിരികെ മടങ്ങുകയുമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.  പതിനൊന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും 3 ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights: KSINC Luxury ship left kochi abandons journey halfway due to bad weather condition

dot image
To advertise here,contact us
dot image