ബിജെപി ഒറ്റക്കെട്ടാണ്, ബാക്കിയെല്ലാ ആരോപണവും അടിസ്ഥാനരഹിതം; പി കെ കൃഷ്ണദാസ്

ബിജെപിയെ രാജീവ് ചന്ദ്രശേഖറാണ് നയിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

dot image

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ ഒറ്റക്കെട്ടായി, ഒറ്റ മനസോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. ബിജെപിയുടെ മുമ്പില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പുകളില്‍ ഐതിഹാസിക വിജയം കൈവരിക്കും. ബാക്കിയെല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ആര്‍ക്കും അതൃപ്തിയില്ല. അഭിപ്രായ വ്യത്യാസമില്ല. ഒറ്റക്കെട്ടാണ് ബിജെപി. ബിജെപിയെ രാജീവ് ചന്ദ്രശേഖറാണ് നയിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി കെ കൃഷ്ണദാസിന്റെ വിശദീകരണം.

ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാജീവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതെങ്കിലും നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നില്ലെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രധാന പരാതിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മുതിര്‍ന്ന നേതക്കന്മാരെയും മുന്‍ അധ്യക്ഷന്മാരെയും മുഖവിലക്കെടുക്കാതെ ചില തീരുമാനങ്ങള്‍ ചില കോണുകളില്‍ നിന്ന് വരുന്നെന്നും അത് നടപ്പാക്കുന്നുവെന്നുമുള്ള ആക്ഷേപവമുണ്ട്. കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും അതൃപ്തിയറിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ കൂടിയാലോചനയില്ലാതെ പട്ടിക പുറത്തിറക്കിയെന്നും ആരോപണമുണ്ട്.

കോര്‍ കമ്മിറ്റി ചേര്‍ന്നപ്പോഴും വിശദമായ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തില്ല. രാഷ്ട്രീയ കാര്യങ്ങളും കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായില്ല. കോര്‍ കമ്മിറ്റി അംഗമല്ലാത്ത, സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ കമ്മിറ്റിയില്‍ പങ്കെടുപ്പിച്ചതിലും അതൃപ്തിയുണ്ട്. പൊതുവേ ജനറല്‍ സെക്രട്ടറിമാരും ഉപാധ്യക്ഷന്മാരുമാണ് കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാറ്.

ഒരു ചുമതലയുമില്ലാത്ത അനൂപ് ആന്റണിയെ മാധ്യമ ചുമതലയേല്‍പ്പിച്ചെന്നും അനൂപ്, ഷോണ്‍ ജോര്‍ജ്, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍ കിച്ചന്‍ കാബിനറ്റെന്നും ആക്ഷേപമുണ്ട്. നിലവില്‍ ഭാരവാഹി പ്രഖ്യാപനവും അനിശ്ചിതത്വത്തിലാണ്. എസ് സുരേഷിനെതിരെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പുനസംഘടനകളില്‍ സുരേഷ് ഇടപെട്ടതായാണ് നേതാക്കളുടെ പരാതി.

നിലവാരമില്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുന്നതായും മദ്യപാനികള്‍ക്ക് കൊട്ടിഘോഷിച്ച് അംഗത്വം നല്‍കിയെന്നും ആരോപണമുണ്ട്. സുരേഷും പ്രതീഷ് വിശ്വനാഥും പാര്‍ട്ടിയെ കയ്യടക്കുന്നതായും നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

Content Highlights: BJP is united, all other allegations are baseless; PK Krishnadas

dot image
To advertise here,contact us
dot image