വേടന്റെ പരിപാടി റദ്ദാക്കിയതില്‍ ചെളിവാരിയെറിഞ്ഞ് പ്രതിഷേധം; കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്

പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്

dot image

തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കിളിമാനൂര്‍ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്ക് എല്‍ഇഡി സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന്‍ ലിജു ഗോപിനാഥ് ഷോക്കേറ്റ് മരണപ്പെട്ടു. ഇതോടെയാണ് വേടന്റെ പരിപാടി മാറ്റിവെച്ചത്. തുടര്‍ന്ന് പരിപാടി കാണാനായി എത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് യുവാക്കള്‍ പ്രതിഷേധിച്ചത്.

ലിജുവിന്റെ മരണത്തെ തുടര്‍ന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയത്. ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. എന്നാല്‍ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് വേടന്റെ ആരാധകര്‍ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പരിപാടിയുടെ സംഘാടകർക്കെതിരെ ആരോപണവുമായി ലിജുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നു. പരിപാടിയില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനാണ് ലിജുവിന്റെ കുടുംബത്തിന്റെ തീരുമാനം.

Content Highlights: case against people who protested at kilimanoor on canceling rapper vedan programme

dot image
To advertise here,contact us
dot image