'കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ സുധാകരൻ'; നേതൃമാറ്റ നീക്കത്തിനിടെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകൾ

സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

dot image

തൃശൂർ: നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകൾ. 'കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ' എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ എസ് തുടരണം' എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. 'കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ' എന്നാണ് ബോർഡിലെ വാചകം. കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. കെഎസ്‌യുവിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലാണ് ബോർഡ്.

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചർച്ചകൾ നിലനിൽക്കവെയാണ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഈ ആശയകുഴപ്പത്തിനിടയിൽ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ കൂടുതൽ വിവരങ്ങള്‍ തേടിയിരുന്നു.

സുധാകരനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുപോവാതെ നില്‍ക്കുന്ന ഘട്ടത്തിലാണ് എഐസിസി മുന്‍ അധ്യക്ഷന്റെ ഇടപെടല്‍.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ അധ്യക്ഷന്മാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരോടാണ് രാഹുല്‍ അഭിപ്രായം തേടിയത്. അതേസമയം, അധ്യക്ഷപദം ഒഴിയില്ലെന്ന പിടിവാശി തുടരുകയാണ് സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരന്‍ തേടിയെന്നാണ് പുറത്തുവരുന്ന വിവരം. സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Posters supporting sudhakaran at thrissur

dot image
To advertise here,contact us
dot image