'കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ'; സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നിൽ കൂറ്റൻ ഫ്ലക്സ്

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചർച്ചകൾ നിലനിൽക്കവെയാണ് കെപിസിസി ഓഫീസിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്

dot image

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നേരിടുന്നതിനിടയിൽ കെ സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് ബോർഡ്. 'കെ സുധാകരൻ തുടരട്ടെ പിണറായി ഭരണം തുലയട്ടെ' എന്നാണ് ബോർഡിലെഴുതിയിരിക്കുന്ന വാചകം. കെഎസ്‌യുവിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചർച്ചകൾ നിലനിൽക്കവെയാണ് കെപിസിസി ഓഫീസിന് മുന്നിൽ കൂറ്റൻ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ആശയകുഴപ്പത്തിനിടയിൽ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ കൂടുതൽ വിവരങ്ങള്‍ തേടി.

കെ സുധാകരനെ അദ്ധ്യക്ഷനെ മാറ്റാനുള്ള എഐസിസി ശ്രമങ്ങള്‍ മുന്നോട്ടുപോവാതെ നില്‍ക്കുന്ന ഘട്ടത്തിലാണ് എഐസിസി മുന്‍ അദ്ധ്യക്ഷന്റെ ഇടപെടല്‍. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടല്‍.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ അദ്ധ്യക്ഷന്‍മാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരോടാണ് തിങ്കളാഴ്ച രാഹുല്‍ അഭിപ്രായം തേടിയത്. അതേസമയം, അധ്യക്ഷപദം ഒഴിയില്ലെന്ന പിടിവാശി തുടരുകയാണ് സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരന്‍ തേടിയെന്നാണ് പുറത്തുവരുന്ന വിവരം. സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.

Content Highlights- 'Let K Sudhakaran continue, let Pinarayi rule'; Huge Flex in front of KPCC office in support of Sudhakaran

dot image
To advertise here,contact us
dot image