
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ അസം സ്വദേശി അമിത്തിനെ പൊലീസ് പിടികൂടിയത് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ. പ്രതി ജിമെയിൽ ആക്റ്റീവ് ആക്കിയതും, ഫോൺ ഓൺ ആക്കിയതും വഴി പൊലീസിന് ലഭിച്ച വിവരങ്ങളാണ് സംഘത്തെ പ്രതിയിലേക്കെത്തിച്ചത്.
ഇന്നലെ രാത്രി മുഴുവൻ പൊലീസ് അമിത്തിന് പിന്നാലെയായിരുന്നു. ഇതിനിടെ അമിത് ഒരു ഫോൺ ഓൺ ആക്കിയതും, ജിമെയിൽ ലോഗിൻ ചെയ്തതും പൊലീസിന് കച്ചിത്തുരുമ്പായി. തുടർന്ന് തൃശൂരിലെ മാളയിൽ, അതിഥി സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബലപ്രയോഗങ്ങൾ ഒന്നുമില്ലാതെ പ്രതി കീഴടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത്. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്നയാളാണ് അമിത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈൽ മോഷണത്തിന്റെ പേരിൽ വിജയകുമാർ വീട്ടിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതിൽ സ്ഥിരീകരണം ഇല്ല.
Content Highlights: Police how they catched amith, kottayam twin murder accused