
തിരുവനന്തപുരം: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതി നല്‍കിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യയുടെ പോസ്റ്റിന് പിന്നാലെയാണ് നടപടി.
ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968-ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടത്തിന് എതിരായാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്നും അത് രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുളളതാണെന്നും പരാതിയില്‍ പറയുന്നു. ദിവ്യ എസ് അയ്യര്‍ വാക്കുകൊണ്ട് ഷൂ ലൈസ് കെട്ടിക്കൊടുക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുളള പ്രീണനമാണ് ദിവ്യ നടത്തിയതെന്നും വിജില്‍ മോഹനന്‍ പറഞ്ഞു. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും വിജില്‍ വ്യക്തമാക്കി.
മുന്‍ രാജ്യസഭാ എംപിയായ കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് രാഗേഷിനെ തിരഞ്ഞെടുത്തത്.
'കര്‍ണനുപോലും അസൂയ തോന്നുംവിധം ഈ KKR കവചം' എന്നാണ് ദിവ്യ എസ് അയ്യര്‍ രാഗേഷിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സംഭവം വിവാദമായതോടെ കെ മുരളീധരനും രാഹുല്‍ മാങ്കൂട്ടത്തിലുമുള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുളള സിപിഐഎം നേതാക്കള്‍ ദിവ്യയെ പിന്തുണച്ചും രംഗത്തെത്തി.
അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ച്ചയുണ്ടായി എന്നാണ് ദിവ്യ എസ് അയ്യരുടെ പങ്കാളിയും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ നിയമനം ലഭിച്ചയാളെ അഭിനന്ദിക്കുന്നത് അതുപോലെയല്ലെന്നും ശബരീനാഥന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമര്‍ശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Youth congress complaint to chief secretary against divya s iyer