

കൊച്ചി: ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്. ഇരുവരും പന്ത്രണ്ട് മണിയോടെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിന് എത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. അതോടൊപ്പം ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല. ഇക്കാര്യങ്ങളാകും പൊലീസ് ഇരുവരോടും ആരായുക. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.
അതേസമയം, നവകേരള സദസിലെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ എഫ് ഐ ആര്‍ ഉടന്‍ ഇടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കും. കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണം നടത്തുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. അലന്‍ വോക്കറുടെ പരിപാടിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനായി ഉടന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content highlights- police will questioning sreenath bhasi and prayaga martin today