

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. സ്മാരകം അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കെഎസ്‌യു പ്രവര്‍ത്തകരായ കെ എം അംജിത്, കാര്‍മല്‍ ജോസ് എന്നിവരാണ് മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സ്മാരകം അക്കാദമിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഹര്‍ജിയില്‍ പൊതു താത്പര്യമില്ലെന്നും സ്വകാര്യ താത്പര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
2018 ജൂലൈ മാസം രണ്ടിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകനും മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിയുമായ അഭിമന്യു കൊല്ലപ്പെടുന്നത്. കോളേജില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം. എസ്എഫ്‌ഐബുക്ക് ചെയ്ത മതിലില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി. ഇതിന് മുകളില്‍ അഭിമന്യു വര്‍ഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ അഭിമന്യുവിനെ തിരഞ്ഞുപിടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമായപ്പോഴാണ് മഹാരാജാസ് ക്യാമ്പസില്‍ സ്മാരകം പണികഴിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.