'ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരം'; പിണറായി വിജയനെ തള്ളി കൗണ്സില് ഓഫ് ചര്ച്ചസ്

ചക്രവര്ത്തി നഗ്നനെങ്കില് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും പ്രകാശ് പി തോമസ് പറഞ്ഞു.

dot image

പത്തനംതിട്ട: ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണെന്ന് കേരള കൗണ്സില് ഓഫ് ചര്ച്ചസ് ജനറല് സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്. ഗീവര്ഗീസ് മോര് കൂറിലോസിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയ സാഹചര്യത്തിലാണ് കൗണ്സില് ഓഫ് ചര്ച്ചസിന്റെ പ്രതികരണം. വിമര്ശനങ്ങള് ഉള്ക്കൊള്ളാന് തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണ്. ചക്രവര്ത്തി നഗ്നനെങ്കില് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും പ്രകാശ് പി തോമസ് പറഞ്ഞു.

കേരളത്തില് സാധാരണക്കാരന് ജീവിക്കാന് കഴിയാത്ത അവസ്ഥയാണ്. സര്ക്കാര് ആശുപത്രികളില് ക്രമീകരണങ്ങള് ഇല്ല. നാടുമുഴുവന് ബാറുകളാക്കി. മദ്യപാനികളുടെ സഹായത്താല് ഭരണം നടത്താന് ശ്രമം. ധൂര്ത്ത് കാരണം ഭരണം നടത്താന് ശ്രമിച്ചിട്ടും നടക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്ക്ക് ആനുകൂല്യം വാരിക്കോരി നല്കുന്നു. സാധാരണ ജോലിക്കാരന്റെ ശമ്പള ഇന്ക്രിമെന്റുകള് തടയുന്നു. പി എസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാകുന്നു. ഭരിക്കുന്നവരുടെ ആഡംബര ജീവിതത്തിനായി സാധാരണക്കാരെ ക്ലേശിപ്പിക്കുന്നുവെന്നും പ്രകാശ് പി തോമസ് പറഞ്ഞു.

വെള്ളപ്പൊക്ക സമയത്ത് സഭകള് ആത്മാര്ത്ഥമായി സഹായിച്ചു. ആ സഹായം വേണ്ടപ്പെട്ടവര്ക്ക് എത്തിക്കാന് സര്ക്കാരിന് കഴിഞ്ഞോ എന്ന് ചിന്തിക്കണം. പണ്ട് ഒരു പുരോഹിതനെ നികൃഷ്ടജീവി എന്ന് വിളിച്ചു. ഇന്ന് മറ്റൊരു പുരോഹിതനെ വിവരദോഷി എന്ന് വിളിക്കുന്നു. വിളിച്ചയാളുടെ സ്വഭാവം മാറിയിട്ടില്ലെന്നും പ്രകാശ് പി തോമസ് പറഞ്ഞു.

സമൂഹത്തോട് സര്ക്കാര് കാട്ടിയ വിവേചനം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ജസ്റ്റിസ് ജെബി കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് ഇതുവരെ നടപടി ആയിട്ടില്ല. തെറ്റ് തിരുത്താന് സര്ക്കാര് തയ്യാറാകണമെന്നും പ്രകാശ് പി തോമസ് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image