

സിഡ്നി: സൈക്കഡെലിക് തെറാപ്പിക്ക് അംഗീകാരം നല്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഓസ്ട്രേലിയ. എംഡിഎംഎ, ലഹരിക്കൂണായ മാജിക് മഷ്റൂം എന്നിവ ഉപയോഗിച്ച് വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്ഡര് (പിടിഎസ്ഡി) തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള് ചികിത്സിക്കുന്നതാണ് സൈക്കഡെലിക് തെറാപ്പി. ലഹരിക്കൂണുകളായ 'മാജിക് മഷ്റൂം' മില് കാണപ്പെടുന്ന സൈലോസിബിന് വിഷാദ ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് തീരുമാനം. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്ഡറിന് (പിടിഎസ്ഡി) ടാബ്ലെറ്റ് രൂപത്തില് എംഡിഎംഎ നിശ്ചിത അളവില് ഡോക്ടര്മാര്ക്ക് നിര്ദേശിക്കാം.
തീരുമാനം ഇന്ന് പ്രാബല്യത്തില് വരുന്നതോടെ അന്തർ ദേശീയ തലത്തില് സൈക്കഡെലിക്സിനെ മരുന്നായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറും. ഏകദേശം മൂന്ന് വര്ഷത്തെ ആലോചനയ്ക്ക് ശേഷമാണ് ഓസ്ട്രേലിയയുടെ ഡ്രഗ് വാച്ച്ഡോഗ് തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് (ടിജിഎ) തീരുമാനത്തിന് അംഗീകാരം നല്കിയത്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട കേസുകള് സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരാനാണ് തീരുമാനം.
മാജിക് മഷ്റൂമും സിന്തറ്റിക് ലഹരിയായ എംഡിഎംഎയും ഓസ്ട്രേലിയയില് ഉള്പ്പെടെ നിരോധിതമാണെങ്കിലും അനുവദനീയമായ അളവില് ക്ലിനിക്കല് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാണ് ഇപ്പോള് അനുമതി നല്കിയിരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലം, മദ്യാസക്തി, ഒബ്സസീവ്-കംപള്സീവ് ഡിസോര്ഡര് (ഒസിഡി) എന്നിവ ചികിത്സിക്കുന്നതിനും സൈക്കഡെലിക് തെറാപ്പിയിലൂടെ സാധ്യമാവുമെന്നാണ് വിദഗ്ധര് അവകാശപ്പെടുന്നത്. അതേസമയംഇവയുടെ ലഭ്യതയും ചെലവും ഒരു പരിമിതിയായി മുന്നിലുണ്ടെങ്കില് കൂടി മാനസികാരോഗ്യ രംഗത്തെ പ്രധാന നാഴിക കല്ലായാണ് ഒരു വിഭാഗം വിദഗ്ധര് ഇതിനെ കാണുന്നത്.
ഇതിന് പുറമേ വിഷാദരോഗത്തിനും പിടിഎസ്ഡിയും ചികിത്സിച്ച് പരിഹരിക്കാന് ഈ മരുന്നുകള് സഹായകരമാണെന്ന് കാണിക്കുന്ന ഗവേഷണം വേണ്ടത്ര നടന്നിട്ടില്ലെന്ന ആശങ്ക മറുഭാഗം ഉയര്ത്തുന്നു. സ്വിറ്റ്സര്ലന്ഡ്, കാനഡ, ഇസ്രായേല് തുടങ്ങിയ രാജ്യങ്ങളും സൈക്കഡെലിക് തെറാപ്പി പരീക്ഷിക്കുന്നുണ്ടെങ്കിലും ദേശീയവ്യാപകമായി അംഗീകരിച്ചിട്ടില്ല. ജമൈക്ക, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളില് നിയമപരമായി സൈക്കഡെലിക്ക് ക്ലിനിക്കുകളും പ്രവര്ത്തിച്ചുവരുന്നുണ്ട്.