Top

''എജ്ജാതി തള്ളാണ് മുകേഷേട്ടാ... സുരേഷ്ബാബു ചാടിയത് ഹൈജമ്പല്ലേ''; നിയമസഭയില്‍ 'ചാട്ടം' പിഴച്ച് മുകേഷ് എം.എല്‍.എ.

മ്യൂണിക്ക് ഒളിമ്പിക്‌സോടെയാണ് സുരേഷ് ബാബു ലോങ് ജമ്പിലേക്ക് ചുവടു മാറ്റുന്നത്. പക്ഷേ അതു മറ്റാരുടേയും പ്രേരണ നിമിത്തമായിരുന്നില്ല. മറിച്ച് അന്നത്തെക്കാലത്ത് നിലവില്‍ വന്ന ഒരു ജമ്പിങ് സ്‌റൈല്‍ കാരണമായിരുന്നു.

11 Aug 2021 7:29 AM GMT
Syam Saseendran

എജ്ജാതി തള്ളാണ് മുകേഷേട്ടാ... സുരേഷ്ബാബു ചാടിയത് ഹൈജമ്പല്ലേ; നിയമസഭയില്‍ ചാട്ടം പിഴച്ച് മുകേഷ് എം.എല്‍.എ.
X

കേരളത്തിന്റെ അഭിമാന താരമാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു. ജമ്പ് ഇനങ്ങളില്‍ കേരളം കണ്ട എക്കാലത്തെയും മികച്ച പ്രതിഭ. 1972 മുതല്‍ ഏഴു വര്‍ഷക്കാലം ദേശീയ അത്‌ലറ്റിക്‌സില്‍ നിറഞ്ഞു നിന്ന താരം. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് ഇനങ്ങളില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം.

ഇങ്ങനെയുള്ള ഒരു താരത്തെ ലോങ് ജമ്പ് ചെയ്യാന്‍ പ്രേരിപ്പിച്ചത് താനാണ് എന്നാണ് കൊല്ലം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുകേഷ് എം.എല്‍.എ. കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. എം.എല്‍.എയുടെ ബന്ധുവും നാട്ടുകാരനും സമകാലിനുമായ സുരേഷ് ബാബു പക്ഷേ കായിക കരിയര്‍ ആരംഭിക്കുന്നത് മൂത്ത ജ്യേഷ്ടന്മാരുടെ പാത പിന്തുടര്‍ന്നാണ്.

1969-ല്‍ ജലന്ധറില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ മെഡല്‍ നേടിയാണ് അദ്ദേഹം ദേശീയ ശ്രദ്ധ ആരംഭിക്കുന്നത്. എന്നാല്‍ എം.എല്‍.എ. പറഞ്ഞതു പോലെ ലോങ് ജമ്പിലായിരുന്നില്ല അദ്ദേഹം മത്സരിച്ചത്, മറിച്ച് ഹൈജമ്പിലായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷം 1972-ല്‍ സുരേഷ് ബാബു ഹൈജമ്പില്‍ ദേശീയ ചാമ്പ്യനുമായിരുന്നു.

ആ വര്‍ഷത്തെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ പോലും അദ്ദേഹം മത്സരിച്ചത് ഹെജമ്പിലാണ്. സുരേഷ് ബാബു മത്സരിച്ച ഏക ഒളിമ്പിക്‌സും ഇതാണ്. ഒളിമ്പ്യന്‍ എന്ന ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നതും ഹൈജമ്പ് താരമെന്ന പേരിലാണ്; ലോങ് ജമ്പിലൂടെയല്ല. 1972-ല്‍ കോട്ടയത്ത് നടന്ന ദേശീയ മീറ്റില്‍ 2.01 മീറ്റര്‍ ഹൈ ജമ്പ് ചെയ്താണ് ഇന്ത്യന്‍ ക്യാമ്പില്‍ എത്തിയത്.

തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കുളില്‍ പഠിക്കുമ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ സുരേഷ് ബാബു 1968ല്‍ കോഴിക്കോട്ട് സംസ്ഥാന മീറ്റില്‍ മത്സരിച്ചത് ഹൈജംപിലും ഹാമര്‍, ജാവലിന്‍, ഡിസ്‌കസ് ത്രോ ഇനങ്ങളിലുമാണ്. പിന്നീട് 1974ല്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിന്‍ ഡെക്കാത്‌ലനില്‍ ആണ് ബാബു മത്സരിച്ചത്. അതില്‍ ലോങ് ജമ്പ് ഉണ്ടായിരുന്നു. അന്നവിടെ ആര്യമേര്‍ സ്റ്റേഡിയത്തില്‍ 8.07 മീറ്റര്‍ ചാടി ലോങ് ജംപില്‍ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണം നേടിയത് മറ്റൊരു മലയാളിയായ ടി.സി യോഹന്നാന്‍ ആണെന്ന് സ്‌പോര്‍ട്‌സ് ലേഖകനായ സനില്‍ പി. തോമസ് ഓര്‍മിക്കുന്നു.

മ്യൂണിക്ക് ഒളിമ്പിക്‌സിനു ശേഷം ആറു വര്‍ഷത്തോളം ഹൈജമ്പ് പിറ്റിലും ഡെക്കാത്തലണിലുമാണ് അദ്ദേഹം മികവ് തെളിച്ചത്. ഇതിനിടെ ലോങ് ജമ്പിലേക്ക് ചുവടു മാറ്റിയത് പക്ഷേ അതു മറ്റാരുടേയും പ്രേരണ നിമിത്തമായിരുന്നില്ല. മറിച്ച് അന്നത്തെക്കാലത്ത് നിലവില്‍ വന്ന ഒരു ജമ്പിങ് സ്‌റൈല്‍ കാരണമായിരുന്നു.

ഫോസ്ബറി ഫ്‌ളോപ്പ് എന്നാണ് ആ ഹൈജമ്പ് ശൈലി അറിയപ്പെടുന്നത്. 1968 മെക്‌സിക്കോ ഒളിമ്പിക്‌സ് മുതലാണ് ഇതിനു വ്യാപക പ്രചാരം കിട്ടിയത്. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ ആ ശൈലിയില്‍ പരിശീലിക്കാനുള്ള സൗകര്യങ്ങളോ ആ ശൈലി പഠിപ്പിക്കാനോ ഉള്ള പരിശീലകര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സുരേഷ് ബാബു ഹൈജമ്പ് പിറ്റില്‍ നിന്ന് ലോങ് ജമ്പ് പിറ്റിലേക്ക് ചാടിവീണത്.

പിന്നീടാണ് സുരേഷ് ബാബു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ലോങ് ജമ്പ് പിറ്റില്‍ നിന്ന് ചാടിയെടുത്തത്. മോസ്‌കോ ഒളിമ്പിക്‌സില്‍ പരുക്കുമൂലം സുരേഷ് ബാബുവിന് പോകാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ ഒളിമ്പിക് വേദിയില്‍ അദ്ദേഹം ലോങ് ജമ്പ് പിറ്റില്‍ മത്സരിക്കാന്‍ ഇറങ്ങിയേനെ.

ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ ബന്ധു ജനങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇതിനു മുമ്പ് പലവേദികളിലും മുകേഷ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ബാബുവിന്റെ സഹോദരന്‍ സത്യാനന്ദന്‍ റിപ്പോര്‍ട്ടറിനോടു പറഞ്ഞു. ഇനിയെങ്കിലും മുകേഷ് ഇത്തരത്തില്‍ തെറ്റ് പ്രചരിപ്പിക്കരുതെന്നും നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രസ്താവന തിരുത്തണമെന്നുമാണ് സുരേഷ് ബാബുവിന്റെ ബന്ധുക്കള്‍ക്ക് പറയാനുള്ളത്.

Popular Stories

    Next Story