

വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പിന്നീട് ശാരീരികമായി ആക്രമിച്ചുവെന്നും ഐ പി എൽ താരത്തിനെതിരെ വനിതാ ക്രിക്കറ്ററുടെ പരാതി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗത്തിനെതിരെയാണ് പരാതി.
ഓണ്‍ലൈനിലാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും പരിചയം സൗഹൃദവും പ്രണയവുമായെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വനിതാ താരം പറയുന്നു. തുടര്‍ന്ന് നോയിഡയിലെ ഹോട്ടലിലേക്ക് വിപ്രജ് വിളിച്ചതനുസരിച്ച് ഒരു ദിവസം വൈകുന്നേരം ആറുമണിയോടെ താന്‍ ചെന്നു. അവിടെ വച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് വിവാഹക്കാര്യം സംസാരിച്ചതോടെ സ്വരം മാറിയെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞു. വാഗ്വാദമായതോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ വലിച്ച് പുറത്തിടുകയായിരുന്നുവെന്നും വനിതാ താരം പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെയടക്കം വിവരങ്ങളും യുവതി പൊലീസിന് കൈമാറി.
എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്ന് വിപ്രജും പരാതി നല്‍കി. തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തിയെന്നും ഇതു തന്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചെന്നും പരാതിയിൽ പറയുന്നു. ഇരുവരുടെയും പരാതികളില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്ത വിപ്രജ് നിലവില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടന്ന അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനായും കളിച്ചിരുന്നു.
Content Highlights: IPL Star Vipraj Nigam Files return FIR Against Woman cricket sex allegation