

നീണ്ട കാലത്തിന്റെ ഇടവേളക്ക് സെഞ്ച്വറിയുമായി ബാബർ അസം. 807 ദിനങ്ങൾക്കും 83 ഇന്നിങ്സിനും ശേഷമാണ് ഇന്നലെ ശ്രീലങ്കക്കെതിരെ താരം സെഞ്ച്വറി നേടിയത്. മത്സരത്തിൽ ശ്രീലങ്കയെ പാകിസ്താൻ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10 പന്ത് ബാക്കി നിൽക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ ലക്ഷ്യത്തിലെത്തി.
119 പന്തിൽ 8 ഫോറുകൾ അടക്കം ബാബർ അസം 102 റൺസെടുത്ത് പുറത്താകാതെ നിന്നു. 78 റൺസെടുത്ത ഫഖർ സമാൻ, പുറത്താകാതെ 51 റൺസെടുത്ത മുഹമ്മദ് റിസ്വാൻ, 33 റൺസെടുത്ത സയീദ് അയൂബ് എന്നിവരും തിളങ്ങി.
ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ(42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബൗളിങ് നിരയിൽ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Babar Azam Finally Slams Century After 807 Days , pakistan beat sri lanka