'ഏറെ സങ്കടമുള്ള ദിവസമാണ്'; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്ലാസന്‍

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കൻ ജേഴ്‌സിയിൽ തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ വിരമിക്കൽ പോസ്റ്റ്

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കൻ താരത്തിന്റെയും വിരമിക്കൽ പ്രഖ്യാപനം എത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം താരം നടത്തിയിരിക്കുന്നത്.

'ഇന്ന് എനിക്ക് ഏറെ സങ്കടകരമായ ദിവസമാണ്. കാരണം ഞാൻ ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഈ തീരുമാനത്തിലേക്ക് എത്താൻ ഏറെ സമയം എടുത്തു. പക്ഷേ എന്റെ കുടുംബത്തിന് വേണ്ടിയും ഭാവിക്ക് വേണ്ടിയും ഞാൻ ഈ തീരുമാനം എടുക്കുകയാണ്. പ്രയാസമുള്ളതാണെങ്കിലും വളരെ സമാധാനം നൽകുന്ന ഒരു തീരുമാനം കൂടിയാണ് അത്' എന്നാണ് വിരമിക്കൽ കുറിപ്പിൽ ഹെൻറിച്ച് ക്ലാസൻ പറയുന്നത്.

'ജീവിതകാലം മുഴുവൻ വിലമതിക്കുന്ന മികച്ച സൗഹൃദങ്ങളും ബന്ധങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുമ്പോൾ ഞാൻ ഒരുപാടുപേരെ കണ്ടുമുട്ടിയിട്ടുണ്ട്. അതിൽ ചിലർ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുള്ളവരാണ്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

'ഞാൻ എപ്പോഴും ദക്ഷിണാഫ്രിക്കയുടെ ഒരു വലിയ ആരാധകനായിരിക്കും. എന്റെ കരിയറിൽ എന്നെയും എന്റെ സഹതാരങ്ങളെയും പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു', ക്ലാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കൻ ജേഴ്‌സിയിൽ തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ വിരമിക്കൽ പോസ്റ്റ്.

ഐപിഎൽ 2025 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച താരമാണ് ഹെൻറിച്ച് ക്ലാസൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം ലോക ക്രിക്കറ്റിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയുടെ ദേശീയ കുപ്പായത്തിൽ നാല് ടെസ്റ്റ് മത്സരങ്ങളിലും 60 ഏകദിനങ്ങളിലും 58 ടി20 മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ ഏകദിനത്തിലാണ് ക്ലാസൻ കൂടുതൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. 60 മത്സരങ്ങളിൽ നിന്ന് 43.69 ശരാശരിയിൽ 2141 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ച്വറികളും 11 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

2023ൽ ഓസ്ട്രേലിയക്കെതിരെ നേടിയ 174 റൺസാണ് അദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ. 2023ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറിയും അദ്ദേഹത്തിൻ്റെ മികച്ച ഇന്നിംഗ്സുകളിൽ എടുത്തുപറയേണ്ടവയാണ്. ടി20യിൽ 58 മത്സരങ്ങളിൽ നിന്ന് അഞ്ച് അർധസെഞ്ച്വറികൾ ഉൾപ്പെടെ 1000 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ എന്ന നിലയിലും ടീമിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ക്ലാസൻ ഏകദിനത്തിൽ 51 ക്യാച്ചുകളും 7 സ്റ്റംപിംഗുകളും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Heinrich Klaasen bids farewell to international cricket

dot image
To advertise here,contact us
dot image