'ഞാന്‍ അത് വളരെ വ്യക്തിപരമായി എടുത്തു'; വൈകാരിക സെലിബ്രേഷനില്‍ ജിതേഷ് ശര്‍മ

താത്കാലിക ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മയാണ് ആർസിബിയെ വിജയതീരത്ത് എത്തിച്ചത്

dot image

ഐപിഎല്‍ 2025 പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് യോഗ്യത നേടിയ രണ്ടാമത്തെ ടീമായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ മത്സരത്തില്‍ താത്കാലിക ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ്മയാണ് ആർസിബിയെ വിജയതീരത്ത് എത്തിച്ചത്. പുറത്താവാതെ 33 പന്തുകളില്‍ 85 റണ്‍സടിച്ച് ഈ സീസണിലെ മികച്ച മാച്ച് വിന്നിങ് ഇന്നിങ്സുകളിലൊന്നാണ് ജിതേഷ് കാഴ്ചവച്ചത്.

മത്സരത്തിലെ നിര്‍ണായക പ്രകടനം പുറത്തെടുത്ത് ആര്‍സിബിയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ ജിതേഷ് ശര്‍മയുടെ ആഘോഷവും വൈറലായിരുന്നു. വളരെ വൈകാരികമായാണ് ജിതേഷ് ടീമിന്റെ വിജയം ആഘോഷിച്ചത്. ഇപ്പോള്‍ വിന്നിങ് സെലിബ്രേഷന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ജിതേഷ്.

'മത്സരം വിജയിച്ചതിന് ശേഷം ഞാന്‍ വികാരാധീനനായി എന്ന് നിങ്ങള്‍ക്കുതന്നെ കാണാന്‍ കഴിയും. കാരണം ആ വിജയം ഞാന്‍ വളരെ വ്യക്തിപരമായാണ് എടുത്തിരുന്നത്. എന്റെ ടീമിന് വേണ്ടി ഈ മത്സരം എനിക്ക് വിജയിക്കണമായിരുന്നു. പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഈ ഐപിഎല്‍ കിരീടം നേടാനുള്ള അവസരത്തിനും ഈ വിജയം അനിവാര്യമായിരുന്നു. എന്‍റെ ടീമിനും ആരാധകര്‍ക്കും വേണ്ടി എനിക്ക് ഈ വിജയം നേടണമായിരുന്നു," ജിതേഷ് പറഞ്ഞു.

'അസാധ്യമെന്ന് നിങ്ങള്‍ കരുതുമ്പോള്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് എന്റെ സഹതാരങ്ങള്‍ക്കും എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുന്നതാണ് ഈ മത്സരം', ജിതേഷ് കൂട്ടിച്ചേര്‍ത്തു. വിജയത്തിന് ശേഷം ആര്‍സിബി പങ്കുവെച്ച വീഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

Content Highlights: Jitesh Sharma on emotional celebration after steering RCB to a historic win

dot image
To advertise here,contact us
dot image