
ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗില് വിജയകിരീടം സ്വന്തമാക്കിയ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഭിനന്ദനങ്ങള് അറിയിച്ച് ടീമിന്റെ മുന് ഉടമ വിജയ് മല്ല്യ. ഞായറാഴ്ച നടന്ന ഫൈനലില് ഡല്ഹി ക്യാപിറ്റല്സിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് ആര്സിബി കപ്പുയര്ത്തിയത്. ഐപിഎല്ലില് 15 സീസണുകളിലും വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന് കഴിയാത്തത് ഡബ്ല്യുപിഎല്ലിന്റെ രണ്ടാം സീസണില് തന്നെ ആര്സിബിയുടെ പെണ്പട നേടിക്കൊടുത്തിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് വനിതാ ടീമിന് അഭിനന്ദനവും പുരുഷ ടീമിന് ആശംസകളും നേര്ന്ന് മല്ല്യ രംഗത്തെത്തിയത്. 'വനിതാ പ്രീമിയര് ലീഗ് കിരീടം നേടിയ ആര്സിബി വനിതാ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്. വളരെക്കാലമായി നേടാന് കഴിയാതിരുന്ന കിരീടം പുരുഷ ടീമിനും നേടാനായാല് അത് ഇരട്ടി സന്തോഷം നല്കും. എല്ലാ വിധ ആശംസകളും', മല്ല്യ എക്സില് കുറിച്ചു.
Heartiest congratulations to the RCB Women’s Team for winning the WPL. It would be a fantastic double if the RCB Men’s Team won the IPL which is long overdue. Good Luck.
— Vijay Mallya (@TheVijayMallya) March 17, 2024
വനിതാ ടീം കിരീടം സ്വന്തമാക്കിയതോടെ പുരുഷ ടീമിനെ സംബന്ധിച്ച് കാര്യങ്ങള് സമ്മര്ദ്ദത്തിലായിരിക്കുകയാണ്. ഇത്തവണ എതിര് ടീമുകളുടെ ആരാധകര് പോലും ആര്സിബി ചാമ്പ്യന്മാരാകുന്നത് കാത്തിരിക്കുകയാണ്. അതേസമയം ഐപിഎല് ആരംഭിക്കാന് വെറും ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ വനിതാ ടീമിന്റെ കിരീടനേട്ടം പുരുഷ ടീമിനും ആരാധകര്ക്കും ആവേശം നല്കിയിരിക്കുകയാണ്. മാര്ച്ച് 22ന് നടക്കുന്ന ഐപിഎല് ഉദ്ഘാടന മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സിനെയാണ് ആര്സിബിക്ക് ആദ്യം നേരിടേണ്ടത്.