

മുംബൈ: ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്. ബംഗ്ലാദേശിനെതിരെ ഇന്ന് ദക്ഷിണാഫ്രിക്കൻ കുപ്പായത്തിലിറങ്ങിയ ക്വിന്റൺ ഡി കോക്കിന്റെ 150-ാം ഏകദിന മത്സരമാണിത്. 2012 ട്വന്റി ട്വന്റി ക്രിക്കറ്റിൽ അരങ്ങേറിയ ഡി കോക്ക് തൊട്ടടുത്ത വർഷം ഏകദിന ക്രിക്കറ്റ് കളിച്ചു.
ഏകദിന ക്രിക്കറ്റിൽ 6000ത്തിലധികം റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഉയർന്ന സ്കോർ 178 ആണ്. 30 വയസ് മാത്രമുള്ള താരം ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഡി കോക്ക് ക്രിക്കറ്റ് മതിയാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഡി കോക്ക് നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇനി ട്വന്റി 20യിൽ മാത്രമാവും ദക്ഷിണാഫ്രിക്കയ്ക്ക് ഡി കോക്കിന്റെ സേവനം ലഭ്യമാകുക.
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടരുകയാണ്. മത്സരം 10 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മുൻനിര വിക്കറ്റുകൾ നഷ്മായി. 44 റൺസ് മാത്രമാണ് പവർപ്ലേയിൽ ദക്ഷിണാഫ്രിക്ക നേടിയത്. റീസ ഹെൻഡ്രിക്സിന്റെയും വാൻ ഡർ ഡസന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്മായത്.