നെറ്റിയിൽ കൈവെച്ച് ഗോദയിൽ കിടക്കുന്ന ചിത്രം; കായിക കോടതി വിധിക്ക് ശേഷം വിനേഷിൻ്റെ ആദ്യപ്രതികരണം

നേരത്തെ തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു
നെറ്റിയിൽ കൈവെച്ച് ഗോദയിൽ കിടക്കുന്ന ചിത്രം; കായിക കോടതി വിധിക്ക് ശേഷം വിനേഷിൻ്റെ ആദ്യപ്രതികരണം
Updated on

ന്യൂഡൽഹി: അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയുടെ വിധി പുറത്ത് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. നെറ്റിയിൽ കൈവെച്ച് ഗോദയിൽ കിടക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമില്‍ വിനേഷ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.

സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമെന്നും ബഹുമതിയും ഇതോടെ വിനേഷ് സ്വന്തമാക്കിയിരുന്നു. സാക്ഷി മാലിക്കിന് ശേഷം ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ഗുസ്തി താരമെന്ന നേട്ടത്തിന് തൊട്ടരുകിൽ വെച്ചായിരുന്നു വിനീഷിനെ മത്സരത്തിൽ നിന്നും അയോഗ്യയാക്കിയത്.

വിനേഷിനെ അയോഗ്യനാക്കിയതോടെ സെമിഫൈനലിൽ വിനേഷിനോട് പരാജയപ്പെട്ട ക്യൂബൻ താരം സ്വർണ്ണമെഡൽ പോരാട്ടത്തിന് യോഗ്യത നേടുകയായിരുന്നു. യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ പരാജയപ്പെടുത്തി അമേരിക്കൻ താരം ഹിൽഡെബ്രാൻഡ് സ്വർണം നേടിയിരുന്നു. യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (യുഡബ്ല്യുഡബ്ല്യു) നിയമപ്രകാരം വിനേഷ് അവസാന സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com