തുടർച്ചയായ ഡബിൾ സെഞ്ചുറി: ജെയ്‌സ്‌വാളിനെ രോഹിത് പുകഴ്ത്താത്തതിന് കാരണമെന്ത്; വിശദീകരിച്ച് ഗിൽ

ആ സമയത്ത് രോഹിത് ഭായ് അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചില്ല
തുടർച്ചയായ ഡബിൾ സെഞ്ചുറി: ജെയ്‌സ്‌വാളിനെ  രോഹിത് പുകഴ്ത്താത്തതിന്  കാരണമെന്ത്; വിശദീകരിച്ച് ഗിൽ

റാഞ്ചി: തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ ഇരട്ടശതകം നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജെയ്‌സ്‌വാളിനെ പുകഴ്ത്തുന്നതില്‍ രണ്ട് മത്സരത്തിന് ശേഷവും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പിശുക്ക് കാണിച്ചിരുന്നു. യശ്വസി ജെയ്‌സ്‌വാള്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച വിശാഖപട്ടണത്തെയോ രാജ്‌കോട്ടിലെയോ മത്സരശേഷം യശ്വസി ജെയ്‌സ്‌വാളിനെ രോഹിത് 'അകമഴിഞ്ഞ്' പ്രശംസിച്ചിരുന്നില്ല. എന്തുകൊണ്ടാണ് രോഹിത് ശര്‍മ്മ ജെയ്‌സ്‌വാളിനെ പ്രശംസിക്കാന്‍ മടിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം കൂടിയായ ശുഭ്മാന്‍ ഗില്‍.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി റാഞ്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗില്ലിന്റെ വെളിപ്പെടുത്തല്‍. ജെയ്സ്‌വാളിന്റെ നേട്ടങ്ങളെക്കുറിച്ച് അധികം സംസാരിക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന പ്രചാരണവും ഗില്‍ നിഷേധിച്ചു. ജെയ്സ്‌വാളിനെ 'സെന്‍സേഷണല്‍ പ്ലെയര്‍' എന്നായിരുന്നു ഗില്‍ പ്രശംസിച്ചത്. പരമ്പര അവസാനിച്ചതിന് ശേഷം ജെയ്സ്‌വാളിന്റെ പ്രകടനത്തെക്കുറിച്ച് രോഹിത് സംസാരിച്ചേക്കുമെന്നും ഗില്‍ സൂചിപ്പിച്ചു. ആ സമയത്ത് രോഹിത് ഭായ് അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചില്ലെന്നും ഗില്‍ വ്യക്തമാക്കി.

'യുവാക്കള്‍ വിനയാന്വിതരാകുന്നതില്‍ പ്രശ്നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ജെയ്സ്‌വാള്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ നേടുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിനയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്ക് ടു ബാക്ക് ഡബിള്‍ ടണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ബാക്ക് ടു ബാക്ക് ഡബിള്‍ സെഞ്ച്വറി നേടിയവര്‍ ലോകത്ത് അധികമില്ല. അതിനാല്‍ തീര്‍ച്ചയായും അദ്ദേഹം ഒരു സെന്‍സേഷണല്‍ കളിക്കാരനാണ്', എന്നായിരുന്നു ഗില്ലിന്റെ പ്രതികരണം.

വിനോദ് കാംബ്ലിക്കും വിരാട് കോഹ്‌ലിക്കും ശേഷം തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ലോകത്തെ ആറാമത്തെ താരവും എന്ന ബഹുമതി യശ്വസി ജെയ്‌സ്‌വാള്‍ സ്വന്തമാക്കിയിരുന്നു. രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരന്‍ എന്ന ബഹുമതിയും 22കാരനായ യശ്വസി ജെയ്‌സ്‌വാള്‍ നേടിയിരുന്നു. നേരത്തെ സാക്ഷാല്‍ സര്‍ ഡോണ്‍ ബ്രാഡ്മാനും വിനോദ് കാംബ്ലിയുമാണ് ഈ നേട്ടം കൈവരിച്ച മുന്‍ഗാമികള്‍. ലോകത്തെ പല മുന്‍ക്രിക്കറ്റ് താരങ്ങളും യശ്വസി ജെയ്‌സ്‌വാളിനെ ബ്രാഡ്മാനോടും സച്ചിന്‍ ടെണ്ടുല്‍ക്കറോടും വീരേന്ദര്‍ സെവാഗിനോടും താരതമ്യപ്പെടുത്തി രംഗത്ത് വന്നിരുന്നു. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ദൗബല്യങ്ങളില്ലാത്ത ബാറ്റര്‍ എന്നാണ് യശ്വസി ജെയ്‌സ്‌വാളിനെ വിശേഷിപ്പിച്ചത്.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് സീരിസില്‍ യശ്വസി ജെയ്‌സ്‌വാള്‍ ഇതുവരെയുള്ള ആറ് ഇന്നിങ്ങ്‌സുകളില്‍ നിന്നായി 545 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരം 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ഇത് എട്ടാം തവണയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ യശ്വസി ജെയ്‌സ്‌വാളിന് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്നും ഇനി വേണ്ടത് 111 റണ്‍സ് മാത്രമാണ്. 2016-17ലെ പരമ്പരയില്‍ വീരേന്ദര്‍ സെവാഗ് ഇംഗ്ലണ്ടിനെതിരെ 655 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com