'ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു'; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ചരിത്രനിമിഷമെന്ന് മോദി

ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനമാണ് 100 മെഡലെന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്
'ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു'; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ചരിത്രനിമിഷമെന്ന് മോദി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ തികച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ചരിത്രനിമിഷമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ സംഘത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നു. 100 മെഡലുകളെന്ന നാഴികക്കല്ലില്‍ എത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ഈ ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. അവരുടെ വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും നമ്മുടെ ഹൃദയങ്ങളില്‍ അഭിമാനം നിറയ്ക്കുകയും ചെയ്തു. പത്തിന് നാട്ടിലേക്ക് തിരികെയെത്തുന്ന നമ്മുടെ ഏഷ്യന്‍ ഗെയിംസ് സംഘത്തിനെ വരവേല്‍ക്കാനും അത്ലറ്റുകളുമായി സംവദിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്', മോദി ട്വിറ്ററില്‍ കുറിച്ചു.

ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനമാണ് 100 മെഡലെന്ന ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ എത്തിയത്. കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ്പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.

ശനിയാഴ്ച ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകളാണ് സ്വന്തമാക്കിയത്. നേരത്തെ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഓജസ് പ്രവീണാണ് ഇന്ത്യയുടെ 24-ാം സ്വര്‍ണമെഡല്‍ നേടിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയെയാണ് പരാജയപ്പെടുത്തിയതോടെയാണ് സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.

അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ കൊറിയയെ 149-145 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതേയിനത്തില്‍ ഇന്ത്യ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അതിഥി സ്വാമിയാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്തോനേഷ്യയെ 146-140 ന് തകര്‍ത്താണ് ഇന്ത്യന്‍ താരം മൂന്നാമതെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com