Top

ലഖിംപുര്‍ ഖേരി: കോണ്‍ഗ്രസ് നടത്തുന്നത് തെരഞ്ഞെടുപ്പ് കണ്ടുള്ള പടയൊരുക്കമോ?

തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ ഖേരി വിഷയം പ്രതികൂലമാവുമെന്ന് ഇതിനോടകം ബിജെപിക്ക് ഉള്ളില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

5 Oct 2021 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപുര്‍ ഖേരി: കോണ്‍ഗ്രസ് നടത്തുന്നത് തെരഞ്ഞെടുപ്പ് കണ്ടുള്ള പടയൊരുക്കമോ?
X

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടാന്‍ ഇടയായ സംഭവത്തില്‍ രാജ്യ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ പത്ത് പേരാണ് ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര സഹമന്ത്രിയുടെ മകന്റെ വാനവ്യൂഹമാണ് ക്രൂരമായി കര്‍ഷകര്‍ കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തിന് പിന്നിലെന്നതായിരുന്നു വിഷയത്തിലെ രാഷ്ട്രീയ പ്രാധാന്യം.

കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പ്രിയങ്ക ഗാന്ധി വാദ്രയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞതോടെ വിഷയം രാഷട്രീയമായും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രിയങ്കയുടെ ഇടപെടലിലൂടെ ലഖിംപുര്‍ ഖേരി സംഭവത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്ര ബിന്ദുവായി അവര്‍ മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ ലഖിംപുര്‍ ഖേരി വിഷയം പ്രതികൂലമാവുമെന്ന് ഇതിനോടകം ബിജെപിക്ക് ഉള്ളില്‍ നിന്ന് തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഈ വെല്ലുവിളി മുന്നില്‍ കണ്ടാണ് വിഷയത്തില്‍ ഉടനടി ജുഡീഷ്യല്‍ അന്വേഷണവും, നഷ്ടപരിഹാരവും പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥിന്റെ യുപിയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറായത്.

എന്നാല്‍, ലഖിംപുര്‍ ഖേരിയിലേക്കുള്ള യാത്രയ്ക്കിടെ പ്രിയങ്ക ഗാന്ധിയെ സിതാപൂരില്‍ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തെ രാഷ്ട്രീയ ആയുധമാക്കിമാറ്റുകയാണ് കോണ്‍ഗ്രസ്. യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളിലേക്ക് നേരിട്ടെത്താനുള്ള അവസരമാക്കിമാറ്റുക കൂടിയാണ് കോണ്‍ഗ്രസ്.

പ്രിയങ്കയുടെ ഇടപെടലിന് പിന്നില്‍

ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ പ്രിയങ്ക ഗാന്ധി. അതുകൊണ്ട് തന്നെ യുപിയിലെ സാഹചര്യങ്ങളില്‍ സജീവമായി പ്രതികരിക്കാനും പ്രിയങ്ക തയ്യാറായിരുന്നു. ഞായറാഴ് വൈകീട്ട് ഉണ്ടായ ലഖിംപുര്‍ സംഭവം നടന്നതിന് പിന്നാലെ തന്നെ ഡല്‍ഹിയില്‍ നിന്നും ലഖ്‌നൗവിലേക്ക് പറന്ന് വരാനും പ്രിയങ്ക തയ്യാറായി. പിന്നീട് രാജ്യം കണ്ടത് വിഷയത്തില്‍ സജീവമായി ഇടപെടുന്ന നേതാവെന്ന തരത്തിലുള്ള പ്രിയങ്കയുടെ പ്രവര്‍ത്തനമായിരുന്നു. തന്നെ വഴിയില്‍ തടഞ്ഞ യുപി പൊലീസിനോട് നിരന്തരം അവര്‍ കലഹിച്ചു. പ്രിയങ്കയുടെ ഇടപെടലുകള്‍, അവരോടുള്ള പൊലീസിന്റെ പ്രതികരണം എന്നിവ നവമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തി.

കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ച പൊലീസിനോട് പ്രിയങ്ക ഉന്നയിച്ച ചോദ്യങ്ങളും ശ്രദ്ധേയമായിരുന്നു. 'നിങ്ങള്‍ എന്നെ തട്ടിക്കൊണ്ടുപോകാന്‍ പോവുകയാണോ? ഇടപെടല്‍ നിയമപരമായ നിലയാണോ? ചിന്തിക്കരുത്, എനിക്ക് ഇത് മനസ്സിലാകുന്നില്ലേ? നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുക. അപ്പോള്‍ ഞാന്‍ കൂടെ വരും. നിങ്ങള്‍ എനിക്ക് നേരെ ബലം പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ശാരീരിക ആക്രമണമാണ്, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു, പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു, ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. നിനക്ക് എന്നെ തൊടാന്‍ ധൈര്യമില്ല. നടപടികള്‍ മുന്നോട്ട് പോവണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും മന്ത്രിമാരില്‍ നിന്നും അറസ്റ്റ് വാറന്റ് നേടി വരിക'. എന്നിങ്ങനെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഇതിനിടെ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് സീതാപുരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇവിടെ തൂത്തുവാരുന്ന പ്രിയങ്കയുടെ ചിത്രമായിരുന്നു തിങ്കളാഴ്ച പുറത്ത് വന്നത്. ഈ വീഡിയോകള്‍ എല്ലാം കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു.

പ്രിയങ്കയുടെ ഇടപെടലിനെ പിന്തുണയ്ച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രിയങ്കയുടെ 'ധൈര്യത്തെ' ബിജെപി ഭയക്കുന്നുവെന്ന് ആയിരുന്നു പ്രതികരിച്ചത്. പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് പഞ്ചാബ് മുതല്‍ ഛത്തീസ്ഗഡ് വരെയുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് സജീവമാക്കി രംഗത്തിറക്കി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേലും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ ശ്രമിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്വേച്ഛാധിപത്യ സര്‍ക്കാരാണ് യുപിയിലേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ ഡെറാഡൂണില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉത്തര്‍പ്രദേശിലെ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ മാത്രം നൂറിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും കോണ്‍ഗ്രസ് ധര്‍ണ നടത്തി. ഇതിനിടെ, ലഖിംപുര്‍ കര്‍ഷക വേട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന തരത്തിലേക്ക് കാമ്പയിന്‍ മാറ്റാനും പ്രിയങ്കയ്ക്കായി. കസ്റ്റഡിയില്‍ നിന്നും പ്രിയങ്കനടത്തിയ ഇടപെടലുകള്‍ എല്ലാം ഈ നിലയ്ക്കുള്ളതായിരുന്നു.

ഉത്തര്‍ പ്രദേശിലെ വിഷയത്തില്‍ ഇതാദ്യമായല്ല പ്രിയങ്ക ഇത്തരത്തില്‍ സജീവ ഇടപെടല്‍ നടത്തുന്നത്. ഹത്രാസ് കൂട്ടബലാത്സംഗം, സോന്‍ഭദ്രയിലെ ആദിവാസികളുടെ മരണം തുടങ്ങിയ കേസുകളില്‍ ഏതാണ്ട് സമാനമായ ഇടപെടലായിരുന്നു പ്രിയങ്ക നടത്തിയത്. ലഖിംപുര്‍ ഖേരിയിലെ പ്രിയങ്കയുടെ ഇടപെടലിനെ ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്നതാണ് എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

2004 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും വേണ്ടി അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചുകൊണ്ട് പ്രിയങ്ക യുപിയില്‍ സജീവമായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ യുപിയില്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. എന്നാല്‍ തിരിച്ചടിയായിരുന്നു ഫലം 2019 ല്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

എന്നാല്‍, കാലം വീണ്ടും മുന്നോട്ട് പോവുമ്പോള്‍ പ്രിയങ്ക മികവുറ്റ രാഷ്ട്രീയ തന്ത്രജ്ഞയായി മാറിയെന്നും വിലയിരുത്തലുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് അടുത്തിടെ രാജസ്ഥാനിനും പഞ്ചാബിലും അവര്‍ നടത്തിയ ഇടപെടലുകളാണ്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച് രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്തിയതും നവജ്യോത് സിംഗ് സിദ്ദുവിനും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും കൊമ്പ് കോര്‍ത്ത പഞ്ചാബ് കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതും പ്രിയങ്കയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തല്‍.

പ്രിയങ്ക യുപിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് രാഹുല്‍ അതിന് തയ്യാറായിരുന്നില്ല. ഒരു പതിറ്റാണ്ടിന് ഇപ്പുറം സാഹചര്യങ്ങള്‍ എല്ലാം മാറിയിരിക്കുന്നു. ഒരു തിരിച്ച് വരവിന് ശ്രമിക്കുകയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രിയങ്ക സുപ്രധാനമായ ചുമതല ഏറ്റെടുക്കാനുള്ള സാധ്യത കൂടുതല്‍ ചര്‍ച്ചയാവുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന് ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.

Next Story

Popular Stories