ആ കത്തെവിടെപ്പോയി, ഇന്നും ബാക്കിയാകുന്ന ദുരൂഹതയില്‍ അഴീക്കോടന്റെ ഓര്‍മ

ഇഎംഎസ് പറഞ്ഞ പത്രാധിപരുമായി ബന്ധപ്പെട്ട അഴീക്കോടന്‍ കേസിലെ ദുരൂഹത ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ തേഞ്ഞുമാഞ്ഞു പോയി എന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ധാരാളമാണ്
ആ കത്തെവിടെപ്പോയി, ഇന്നും ബാക്കിയാകുന്ന ദുരൂഹതയില്‍ അഴീക്കോടന്റെ ഓര്‍മ

അഴീക്കോടന്‍ രാഘവന്റെ കൊലപാതകം നടന്ന ദിവസത്തെ മുന്‍ എംപി, എ സമ്പത്ത് ഒരിക്കല്‍ ഇങ്ങനെ ഓര്‍മ്മിച്ചെടുത്തിരുന്നു. പത്രാധിപരായിരുന്ന എംഎസ് മണി, അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട വിവരം സമ്പത്തിന്റെ പിതാവായിരുന്ന കെ അനിരുദ്ധനെ ഫോണില്‍ വിളിച്ചറിയിച്ചതിനെക്കുറിച്ചുള്ള ആറു വയസ്സുകാരന്റെ ഓര്‍മ്മകളായിരുന്നു അത്.

'മണിയണ്ണന്‍ അച്ഛനെ ഫോണ്‍ ചെയ്ത് അറിയിച്ച ഒരു ദു:ഖവാര്‍ത്ത ഓര്‍മ്മയില്‍ മായാതെയുണ്ട്. 1972 സെപ്തംബര്‍ 23നായിരുന്നു സംഭവം. ഞാനന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാത്രി ഏറെ വൈകി നിര്‍ത്താതെ അടിക്കുന്ന ലാന്റ് ഫോണിന്റെ അസഹനീയ ശബ്ദം കേട്ട് ഉറക്കം മുറിഞ്ഞാണ് കുട്ടിയായ ഞാന്‍ ഉണരുന്നത്. ഞാന്‍ കിടക്കപ്പായയില്‍ എഴുന്നേറ്റിരിക്കുമ്പോഴേയ്ക്കും അച്ഛന്‍ ഫോണ്‍ എടുത്തുകഴിഞ്ഞിരുന്നു. 'ങേ' എന്ന് അമ്പരക്കുന്ന അച്ഛന്റെ ശബ്ദവും പിന്നാലെ 'അയ്യോ' എന്ന വിളിയുമാണ് കേള്‍ക്കുന്നത്. അതിനെ തുടര്‍ന്ന് അച്ഛന്റെ പൊട്ടിക്കരച്ചില്‍ കേട്ട് കുട്ടിയായ ഞാന്‍ അമ്പരന്നു. അച്ഛന്റെ കയ്യില്‍ ഫോണ്‍ ഇരിക്കുന്നുണ്ട്. അച്ഛന്‍ മണിയെന്ന് വിളിക്കുന്നുമുണ്ട്. കരച്ചില്‍ കേട്ട് അടുത്തേയ്ക്ക് ചെന്ന അമ്മ എന്താണെന്ന് ചോദിക്കുന്നുണ്ട്. അഴീക്കോടന്‍ പോയി എന്നാണ് വാവിട്ട് നിലവിളിച്ച് അച്ഛന്‍ പറയുന്നത്. ആരാണ് വിളിച്ചത് എന്ന ചോദ്യത്തിന് മണിയാണെന്നും പറയുന്നുണ്ട്. എംഎസ് മണിയണ്ണനാണ് അച്ഛനെ വിളിച്ച് സഖാവ് അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട വിവരം പറയുന്നത്. ഒന്ന് സമാധാനപ്പെട്ടശേഷം അച്ഛന്‍ ഈ വിവരം മറ്റുള്ള പാര്‍ട്ടി നേതാക്കളെ ഫോണ്‍ ചെയ്ത് അറിയിച്ചു. തൃശ്ശൂരിലെ ചെട്ടിയങ്ങാടിയില്‍ വച്ച് സിപിഐഎം സെക്രട്ടറിയേറ്റ് അംഗമായ അഴിക്കോടന്‍ രാഘവന്‍ കൊല ചെയ്യപ്പെട്ടു എന്ന വാര്‍ത്ത അമ്പരപ്പായി'

1972 സെപ്തംബര്‍ 23നാണ് രാത്രിയുടെ മറവില്‍ അഴീക്കോടന്‍ രാഘവന്‍ കൊലക്കത്തിക്കിരയാകുന്നത്. അടിയന്തിര പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്ത് അന്ന് രാത്രി എറണാകുളത്ത് നിന്നും പ്രവര്‍ത്തന തട്ടകമായ തൃശ്ശൂരിലേക്ക് അഴീക്കോടന്‍ രാഘവന്‍ മടങ്ങി. അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു അഴിക്കോടന്‍ രാഘവന്‍. രാത്രി 9 മണിയോടെയാണ് സഖാവ് അഴീക്കോടന്‍ രാഘവന്‍ തൃശ്ശൂര്‍ ചെട്ടിയങ്ങാടിയില്‍ വണ്ടിയിറങ്ങുന്നത്. അവിടെ നിന്നും താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടന്ന് പോകുമ്പോള്‍ പിഎംഎ ഫ്രൂട്ട് സ്റ്റാളിന് സമീപം ഒരു സംഘം അഴീക്കോടന്‍ രാഘവനെ വളഞ്ഞ് ഇരുളിന്റെ മറവില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച് കാനയോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു അഴീക്കോടന്റെ മൃതദേഹം.

അഴീക്കോടന്‍ രാഘവനെ കൊലപ്പെടുത്തിയത് അന്ന് തൃശ്ശൂരില്‍ സിപിഐഎമ്മിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന എവി ആര്യന്‍ ഗ്രൂപ്പാണെന്നായിരുന്നു പൊതുവെയുള്ള നിഗമനം. പൊലീസ് അറസ്റ്റ് ചെയ്തതും കേസ് ചാര്‍ജ്ജ് ചെയ്തതും ആര്യന്റെ കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തകരെയായിരുന്നു.

അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിന് പിന്നില്‍ തൃശ്ശൂരിലെ നവാബ് കേസുമായി ബന്ധമുണ്ടെന്ന ആരോപണം 1973 ജൂണ്‍ 11ന് ഇഎംഎസ് നിയമസഭയില്‍ ഉന്നയിച്ചു. കേസില്‍ അഭ്യന്തരവകുപ്പ് മന്ത്രി കെ കരുണാകരന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെതിരെ ആരോപണം ഉണ്ടെന്നും ആരോപണവുമായി ബന്ധപ്പെട്ട് പത്രാധിപരെ പൊലീസ് മര്‍ദ്ദിച്ചതായും അഴീക്കോടന്റെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയതായും ആയിരുന്നു ഇഎംഎസിന്റെ ആരോപണം. അഴീക്കോടനെ കൊന്നത് തങ്ങളല്ലെന്ന് പ്രതികളും ആവര്‍ത്തിച്ചിരുന്നു. അഴീക്കോടന്റെ കൊലപാതകത്തിലെ ദുരൂഹത ചര്‍ച്ചയായി വരുമ്പോഴേയ്ക്കും അടിയന്തരാവസ്ഥയുടെ പൊലീസ് രാജിലേക്ക് കേരളം മാറിയിരുന്നു.

ഇഎംഎസ് പറഞ്ഞ പത്രാധിപരുമായി ബന്ധപ്പെട്ട അഴീക്കോടന്‍ കേസിലെ ദുരൂഹത ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ തേഞ്ഞുമാഞ്ഞു പോയി എന്ന് വിശ്വസിക്കുന്നവര്‍ ഇപ്പോഴും ധാരാളമാണ്.

തൃശ്ശൂരിലെ വെള്ളായിണിക്കരയില്‍ കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിക്കാനായി തട്ടില്‍ റബ്ബര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്‍ 2 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കരുണാകരന്റെ പിഎ ആയിരുന്ന സികെ ഗോവിന്ദന്‍ എഴുതിയ കത്തായിരുന്നു ഈ ആരോപണത്തിന്റെ ഏറ്റവും പ്രധാന്യമുള്ള തെളിവ്. 1972ല്‍ പുറത്തിറങ്ങിയ നവാബ് വാരികയില്‍ ഈ കത്ത് പ്രസിദ്ധീകരിച്ചു. നവാബ് രാജേന്ദ്രനായിരുന്നു വാരികയുടെ പത്രാധിപര്‍. കത്തിന്റെ ശരിപകര്‍പ്പ് കണ്ടെടുക്കാന്‍ വാരികയുടെ പത്രാധിപരായിരുന്ന നവാബ് രാജേന്ദ്രനെ 1972 മെയ് മാസത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആഭ്യന്തരമന്ത്രി കരുണാകരന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ജയറാം പടിക്കലായിരുന്നു ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. കസ്റ്റഡി മര്‍ദ്ദനം കടുത്തപ്പോള്‍ കത്ത് അഴീക്കോടന്‍ രാഘവന്റെ കൈയ്യിലാണെന്ന് നവാബ് വെളിപ്പെടുത്തി.

കത്ത് തേടി പൊലീസുകാര്‍ വക്കീലിന്റെ ആളുകളെന്ന വ്യാജേന അഴീക്കോടന്‍ രാഘവന്റെ കണ്ണൂരിലെ വീട്ടിലെത്തി. ജയറാം പടിക്കലിന്റെ പൊലീസ് ബുദ്ധിയായിരുന്നു ഇതിന്റെ പിന്നില്‍. കത്ത് തേടിയെത്തിയത് പൊലീസാണെന്ന് തിരിച്ചറിഞ്ഞ അഴീക്കോടന്‍ കത്ത് ഓഫീസില്‍ ഇഎംഎസിന്റെ കൈവശമാണ് വേണമെങ്കില്‍ ഞങ്ങളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു കൊള്ളൂ എന്ന നിലപാടെടുത്തു. പൊലീസ് ജയറാം പടിക്കലിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ നവാബിനെ പൊലീസ് കസ്റ്റഡയില്‍ നിന്നും മോചിപ്പിക്കുന്നതിന് കാരണക്കാരനായതും അഴീക്കോടന്‍ രാഘവനായിരുന്നു.

നവാബിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നവെന്ന് വ്യക്തമാക്കി അഴിക്കോടന്‍ രാഘവന്‍ നടത്തിയ പത്ര സമ്മേളനത്തിന് ശേഷമാണ് നവാബ് പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപെട്ടത്. അപ്പോഴേക്കും നവാബിന്റെ മുന്‍നിരയിലെ ഏതാനും പല്ലുകള്‍ പൊലീസ് പൊഴിച്ചിരുന്നു. കൈവശമുള്ള കത്ത് പത്ത് ദിവസത്തിനകം കോടതിയില്‍ ഹാജരാക്കുമെന്ന് 1972 സെപ്തംബര്‍ 15ന് അഴീക്കോടന്‍ രാഘവന്‍ പരസ്യമായി വ്യക്തമാക്കി. കത്ത് ഹാജരാക്കുമെന്ന് പറഞ്ഞ അവസാന തീയതിക്ക് 2 ദിവസം മുമ്പാണ് അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടത്.

അക്കാലത്ത് തൃശ്ശൂരില്‍ എവി ആര്യന്റെ കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററും സിപിഐഎമ്മും തമ്മില്‍ സംഘര്‍ഷം നിത്യസംഭവമായിരുന്നു. വളരെ വേഗം പൊലീസ് അഴീക്കോടന്റെ കൊലപാതകം ആര്യന്‍ ഗ്രൂപ്പിന്റെ തലയില്‍ വച്ചുകെട്ടുകയായിരുന്നു എന്ന് പിന്നീട് സംഭവവുമായി ബന്ധമുള്ള പലരും സാക്ഷ്യം പറഞ്ഞു. സംഭവം നടന്ന ഉടനെ സിപിഐഎമ്മും ആര്യന്‍ വിഭാഗം തന്നെയാണ് അഴീക്കോടന്റെ കൊലപാതകികള്‍ എന്ന നിലപാടാണ് സ്വീകരിച്ചത്. അഴീക്കോടന്റെ കൊലപാതകത്തോടെ ട്രേഡ് യൂണിയന്‍ മേഖലയില്‍ അടക്കം സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തിയ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ ദുര്‍ബലപ്പെട്ടു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

പിന്നീട് കേസിലെ പ്രതികള്‍ തന്നെ അഴീക്കോടന്‍ പ്രിയ സഖാവായിരുന്നെന്നും കൊലപാതകത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റര്‍ അല്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിന് വഴിയൊരുക്കാന്‍ അന്ന് രാത്രി എട്ടുമണിയോടെ ഈ പ്രദേശത്തെ കടകള്‍ അടച്ചതടക്കമുള്ള പൊലീസിന്റെ ദുരൂഹമായ നീക്കങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തായാലും അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തകരായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ രാഘവനെ വകവരുത്തേണ്ടത് അത്യാവശ്യമായിരുന്ന ആളുകളുടെ പിന്നാലെ നാളിതുവരെയായിട്ടും ആരും പോയിട്ടില്ലെന്നതാണ് അഴീക്കോടനെ ഓര്‍മ്മിക്കുമ്പോള്‍ ഇപ്പോഴും ബാക്കിയാവുന്ന മറ്റൊരു വേദന.

അഴീക്കോടന്‍ രാഘവന്‍ അനന്തകൃഷ്ണ ബസിന്റെ മുതലാളി ആയിരുന്നെന്ന സ്തോഭജനകമായ വായ്ത്താരി എതിരാളികള്‍ പറഞ്ഞ് പരത്തിയിരുന്ന കാലത്താണ് അദ്ദേഹം കൊല്ലപ്പെടുന്നത്. പാടവരമ്പത്തൂടെ ഇറങ്ങിയെത്തുന്ന കണ്ണൂരിലെ വാടക വീട്ടിലേക്കായിരുന്നു അഴീക്കോടന്റെ നിശ്ചലമായ ശരീരം എത്തിച്ചത്. വൈദ്യുതി പോലുമില്ലാത്ത വാടകവീട്ടില്‍ കഴിഞ്ഞിരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെയായിരുന്നു അത് വരെ രാഷ്ട്രീയ എതിരാളികള്‍ ബസ് മുതലാളിയെന്നെല്ലാം ചിത്രീകരിച്ചിരുന്നതെന്ന് കേരളം തിരിച്ചറിഞ്ഞു.

1919ല്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഒരു തൊഴിലാളി കുടുംബത്തിലായിരുന്നു അഴീക്കോടന്‍ രാഘവന്റെ ജനനം. അച്ഛന്‍ കറുവന്‍ ആധാരമെഴുത്തുകാരനായിരുന്നു. അഴീക്കോടന് 2 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ പുക്കാച്ചിയുടെ സംരക്ഷണയിലായി അഴീക്കോടന്‍. വീട്ടിലെ ദാരിദ്ര്യത്തെ തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ അഴീക്കോടന്‍ രാഘവന് സാധാരണ തൊഴിലാളിയുടെ ജീവിതം തിരഞ്ഞെടുക്കേണ്ടി വന്നു. വളരെ ചെറുപ്പത്തില്‍ പെട്രോമാക്സ്, സൈക്കിള്‍ കടയിലെ ജോലിക്കാരനും ബീഡി തെറുപ്പ് തൊഴിലാളിയുമായി അഴീക്കോടന്‍ മാറി. പിന്നീട് ബീഡിതൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം തൊഴിലാളി സംഘടനാ രംഗത്തു സജീവമായത്.

1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. സഖാവ് പി കൃഷ്ണപിള്ളയായിരുന്നു അഴീക്കോടന്റെ രാഷ്ട്രീയ ഗുരു. കമ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതിനായി ഒളിവിലും തെളിവിലുമായി പ്രവര്‍ത്തിച്ചു. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പൊലീസ് വേട്ടയെ കൂസാതെ പ്രവര്‍ത്തിച്ച അഴീക്കോടന്റെ സംഘാടന ശേഷി ചിറയ്ക്കല്‍ പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കരുത്തുറ്റ സംഘടനയാക്കി. 1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം ഉറച്ചു നിന്നു. അന്ന് മുതല്‍ മരണം വരെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു അഴീക്കോടന്‍ രാഘവന്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com