റിവ്യു ബോംബിങ്;  അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കർ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കർ

റിവ്യു ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പരാതി നിൽക്കവെയാണ് സിയാദ് കോക്കർ രംഗത്തെത്തുന്നത്.

സിനിമ റിവ്യു ബോംബിങ്ങിനെതിരെ പരാതിയുമായി നിർമ്മാതാവ് സിയാദ് കോക്കർ. യൂട്യൂബർ അശ്വന്ത് കോക്കിന്റെ റിവ്യുവിനെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയുടെ റിവ്യുവിനെതിരെയാണ് പരാതി. ഇൌ സിനിമയുടെ നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയിൽ പറയുന്ന സിനിമയുടെ റിവ്യു അശ്വന്ത് യൂട്യൂബിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

റിവ്യു ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പരാതി നിൽക്കവെയാണ് സിയാദ് കോക്കർ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്തശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നൽകരുത് തുടങ്ങിയ നിർദേശങ്ങൾ അമിക്കസ്​ ക്യൂറി റിപ്പോർട്ടിലും പറഞ്ഞിരുന്നു.

അരുൺ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

logo
Reporter Live
www.reporterlive.com