'ഫീൽ മൈ ലവ്...' പുഷ്പരാജിന് മുന്നേ അവന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു 'ആര്യ'

'നീയുണ്ടെങ്കില്‍ ഉണരും സ്വപ്നം, നീയുണ്ടെങ്കില്‍ സ്നേഹം സത്യം', അല്ലു അർജുന്റെ 'ആര്യ' ചിത്രം 20 വർഷം
'ഫീൽ മൈ ലവ്...' പുഷ്പരാജിന്  മുന്നേ അവന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു 'ആര്യ'

നീയുണ്ടെങ്കില്‍ ഉണരും സ്വപ്നം, നീയുണ്ടെങ്കില്‍ സ്നേഹം സത്യം. നീ ചേരുന്നൊരു രാപ്പകല്‍ ആകെ മോഹനസംഗീതം.... ഇങ്ങനെ മലയാളികൾ അല്ലു അർജുനെ നോക്കി പാടാൻ തുടങ്ങിയിട്ട് 20 വർഷം. സുകുമാർ എന്ന സംവിധായകന്റെ അരങ്ങേറ്റത്തിലൂടെ അല്ലു അർജുൻ എന്ന നടന് ലഭിച്ചത് ഒരു ബ്ലോക്ക് ബസ്റ്ററും ഉയര്‍ത്തെഴുന്നേല്‍പ്പും ആയിരുന്നു.

2004 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാള മൊഴിമാറ്റം 2006 ലാണ് എത്തിയത്. അന്നേ നോട്ടം ഇട്ട് വെച്ചതാണ് മല്ലു അല്ലുവിനെ. 2009 ൽ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ആര്യ 2 വും മലയാളികൾ ഏറ്റെടുത്തു. പിന്നീടിങ്ങോട്ട് പുഷ്പ വരെ അല്ലുവിനെ ആഘോഷിക്കുകയാണ് മലയാളി. ബണ്ണി, ഹാപ്പി, കൃഷണ, വരൻ, വൈശാലി, ഡിജെ, യോദ്ധാവ്, വൈകുണ്ഠ പുരത്തേക്ക് തുടങ്ങി അല്ലു അർജുന്റെ സിനിമൾ മലയാളികൾക്കും പ്രിയങ്കരമായി. അങ്ങോട്ട് നൽകിയ സ്നേഹം തിരിച്ച് ഇങ്ങോട്ടും അല്ലു അർജുൻ നിരവധി തവണ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മൊഴിമാറ്റ സിനിമകളെ അത്ര പെട്ടെന്ന് ഒന്നും ദഹിക്കാത്ത മലയാളികളെ പിടിച്ചുലച്ചത് സിനിമയിലെ ഗാനങ്ങളാണ്. 'ഏതോ പ്രിയ രാഗം' എന്ന ഗാനം ആലപിച്ചത് ഗായകൻ മധു ബാലകൃഷ്ണൻ ആണ് .'തകധിമിത്തോം' ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ കേരളത്തെ പിടിച്ചുലച്ചപ്പോൾ 'ഫീൽ മൈ ലവ്' പാടി തണുപ്പിച്ചത് വിധു പ്രതാപാണ്. സംവിധായകൻ ജിസ് ജോയിയുടെ ശബ്ദമാണ് മലയാളി അല്ലു അർജുന്. മൊഴിമാറ്റ സിനിമകളിൽ അല്ലുവിന്റെ ചുണ്ടനക്കത്തിനൊത്ത് ശബ്ദം നൽകുന്നത് ജിസ് ജോയിയാണ്.

2003 ൽ തന്റെ പത്തൊൻപതാം വയസിൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച നടൻ ജനിച്ചത് തന്നെ അഭിനയിക്കാൻ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഇക്കഴിഞ്ഞു പോയ വർഷങ്ങളിൽ എല്ലാം തെളിയിച്ചത് . പതിനൊന്നു വർഷത്തെ അഭിനയ ജീവിതമാണ് അദ്ദേഹത്തെ പാൻ ഇന്ത്യൻ നായകനാക്കിയത്. 2021ല്‍ പുറത്തുവന്ന സുകുമാറിന്റെ തന്നെ 'പുഷ്പ'യിലൂടെ ഈ കീർത്തി ഒന്നുകൂടെ വർദ്ധിച്ചു. ബ്ലോക്ക്ബസ്റ്ററായിരുന്നു ചിത്രം.

ഇന്ന് ലോകമെമ്പാടും കാത്തിരിക്കുകയാണ് പുഷ്പരാജിന്റെ രണ്ടാം വരവിനായി. ഓഗസ്റ്റ് 15-നാണ് 'പുഷ്പ: ദി റൂൾ' ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കഴിഞ്ഞ വർഷം അല്ലു അർജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ഇക്കുറിയും അതിൽ കുറഞ്ഞതൊന്നും ആരാധകർ അദ്ദേത്തിൽ നിന്ന് പ്രതീഷിക്കുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com