'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

'എന്റെ കൈയിൽ കിടത്തി ശ്രുതിയെ താരാട്ടിക്കൊണ്ടാണ് അന്ന് ഞാൻ സിനിമയെ കുറിച്ചുള്ള സംസാരങ്ങളും മറ്റ് ചർച്ചകളുമൊക്കെ നടത്തിയിരുന്നത്'
'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി

അഭിനേതാവിനൊപ്പം മികച്ച എഴുത്തുകാരനും ഗാനരചയിതാവുമാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ മകളും നടിയും ഗായികയുമായ ശ്രുതി ഹാസൻ അടുത്തിടെ പുറത്തിറക്കിയ 'ഇനിമേൽ' എന്ന ഗാനത്തിലും കമൽഹാസനാണ് വരികളെഴുതിയത്. ഒരു പിതാവ് മാത്രമായല്ല ഒരു ടീച്ചർ കൂടിയാണ് തനിക്ക് അച്ഛൻ എന്ന് ശ്രുതി തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സിനിമ-സംഗീത ലോകത്ത് ഇരുവരും ഏറെ തിരക്കുള്ളവരാണെങ്കിലും അച്ഛൻ-മകൾ ബോണ്ട് നിലനിർത്താൻ ശ്രുതിയും കമൽ ഹാസനും ശ്രമിക്കാറുമുണ്ട്.

ഇപ്പോൾ ശ്രുതിയുമായി നടന്ന ഒരു സംഭാഷണത്തിൽ കമൽ ഹാസൻ മകളെ കുറിച്ച് പങ്കുവെച്ച ഓർമ്മകൾ ശ്രദ്ധേയമാവുകയാണ്. 'അപ്പാ, എന്നെ മിസ് ചെയ്തിട്ടുണ്ടോ' എന്നായിരുന്നു ശ്രുതി കമൽ ഹാസനോട് ചോദിച്ചത്. അതിന് നടൻ പറഞ്ഞ ഉത്തരം ഇങ്ങനെ, 'തീർച്ചയായും ഞാൻ മിസ് ചെയ്യാറുണ്ട്. വളർന്ന മക്കളെ കാണുമ്പോഴുള്ളതിനേക്കൾ അധികം മിസ് ചെയ്യുക എവിടെയെങ്കിലും വെച്ച് മറ്റ് കുട്ടികളെ കാണുമ്പോഴാണ്. വളരെ വിചിത്രമായി തോന്നാം ഇത്. പക്ഷെ അതാണ് ഞങ്ങളുടെ ആദ്യ കണക്ഷൻ.

അത് ഏത് കൊച്ചു കുട്ടിയെ കാണുമ്പോഴും പഴയ കാലമാണ് ഓർമ്മ വരുന്നത്. അന്ന് ഞങ്ങൾ പങ്കുവെച്ച നിമിഷത്തെ കുറിച്ച് ഓർക്കുമ്പോഴാണ് ശരിക്കും മിസ് ചെയ്യുക. മക്കൾ വളരും എന്ന് അറിയാം എന്നിരുന്നാലും... എന്റെ കൈത്തണ്ടയിൽ കിടത്തി, തല കൈവെള്ളയിൽ വെച്ച് ഒറ്റ കൈ കൊണ്ട് എപ്പോഴും താരാട്ടിക്കൊണ്ടാണ് ഞാൻ അന്ന് സിനിമയെ കുറിച്ചും മറ്റ് ചർച്ചകളുമൊക്കെ നടത്തിയിരുന്നത്,' കമൽ ഹാസൻ പറഞ്ഞു.

അതേസമയം ഒരു പെൺകുട്ടിയായല്ല തന്നെ വളർത്തിയത് എന്ന് ശ്രുതി പറഞ്ഞു. 'നീ ഒരു പെൺകുട്ടിയായത് കൊണ്ട് അത് ചെയ്യരുത് എന്ന് പറയുന്നതിനേക്കാൾ മണ്ണിലിറങ്ങ്, റോക്ക് മ്യൂസിക് കേൾക്ക്, പാട്ട് പാട് എന്നൊക്കെയാണ് പറയാറുണ്ടായിരുന്നത്. അതുകൊണ്ടാകാം എന്റെ അഭിരുചികളും വ്യത്യസ്തമായത്', ശ്രുതി ഓർത്തെടുത്തു.

'അപ്പാ, എന്നെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ?'; ശ്രുതി ഹാസന്റെ ചോദ്യത്തിന് കമൽഹാസന്റെ മറുപടി
ഒറ്റയ്ക്ക് വഴിവെട്ടി രാജാവായവന്റെ കഥ, സിംബയുടെ പിതാവിൻ്റെ കഥ; ആകാംക്ഷയേറ്റി 'മുഫാസ' ട്രെയ്‍ലർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com