Top

ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജി വച്ചു; തീരുമാനം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ്

2022 ജനുവരിയിലായിരുന്നു വഗേലയെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചത്

4 Sep 2022 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജി വച്ചു; തീരുമാനം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പ്
X

അഹമ്മദാബാദ്: ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് വിശ്വനാഥ്‌സിങ് വഗേല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായാണ് രാജി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ 'പരിവര്‍ത്തന്‍ സങ്കല്‍പ്' റാലിയില്‍ സംവദിക്കാന്‍ സെപ്തംബര്‍ അഞ്ചിന് ഗുജറാത്ത് സന്ദര്‍ശനത്തിനായി ഒരുങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

വിശ്വനാഥ് സിങ് വഗേലയുടെ രാജിയ്ക്ക് പിന്നാലെ ഗുജറാത്ത് ബിജെപി വക്താവ് റുത്വിജ് പട്ടേല്‍ പ്രതികരണവുമായി രംഗത്തെത്തി.

'ജോയിന്‍ കോണ്‍ഗ്രസ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തുകയാണ്, എന്നാല്‍ സംസ്ഥാനത്ത് ക്വിറ്റ് കോണ്‍ഗ്രസ് പ്രചരണമാണ് നടക്കുന്നത്', റുത്വിജ് പട്ടേല്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദ് പ്രാഥമിക അംഗത്വമുള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. ആനന്ദ് ശര്‍മ്മയും ജയ്‌വീര്‍ ഷേര്‍ഖിലും നിയുക്ത സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥ്‌സിങ് വഗേലയുടെ രാജി. 2022 ജനുവരിയിലായിരുന്നു വഗേലയെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചത്.

2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അസ്സം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മയും സംഭവത്തില്‍ പ്രതികരിച്ചു. 'രാഹുല്‍ ഗാന്ധിയുടേത് അപക്വവും വിചിത്രവും പ്രവചനാതീതവുമായ പ്രകൃതമാണ്. അതെല്ലാവര്‍ക്കും അറിയാവുന്നതാണ്. എങ്കില്‍ പോലും അദ്ദേഹത്തിന്റെ അമ്മ മകനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്', ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്നാണ് രാജി വച്ചതെന്നായിരുന്നു ഹിമാന്ദ ബിശ്വ ശര്‍മ്മയുടെ വാദം. ഗുലാം നബി ആസാദിന്റെ രാജി തന്റേതിന് സമാനമാണെന്നും ശര്‍മ്മ പ്രതികരിച്ചിരുന്നു.

STORY HIGHLIGHTS: Vishwanathsinh Vaghela resigns as Gujarat Youth Congress president before Rahul Gandhi's Visit Tommorrow

Next Story