Top

'പഞ്ചാബില്‍ 12 എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടി വിടാന്‍ തയ്യാര്‍'; ഒമ്പത് പേര്‍ കോണ്‍ഗ്രസിലേക്കും മൂന്ന് പേര്‍ ബിജെപിയിലേക്കുമെന്ന് കോണ്‍ഗ്രസ്

23 Sep 2022 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബില്‍ 12 എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടി വിടാന്‍ തയ്യാര്‍; ഒമ്പത് പേര്‍ കോണ്‍ഗ്രസിലേക്കും മൂന്ന് പേര്‍ ബിജെപിയിലേക്കുമെന്ന് കോണ്‍ഗ്രസ്
X

ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയിലെ 12 എംഎല്‍എമാര്‍ പാര്‍ട്ടിയോട് വിയോജിച്ച് മറ്റ് രാഷ്ട്രീയ വഴികള്‍ നോക്കുകയാണെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വഴക്കുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടി 'ഓപ്പറേഷന്‍ ലോട്ടസ്' ആരോപണം ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

വിമത എംഎല്‍എമാരില്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. മൂന്ന് പേര്‍ ബിജെപിയുമായാണ് ബന്ധം പുലര്‍ത്തുന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍പ്രദേശിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലൊരു നീക്കം ഉണ്ടാവും എന്ന് ഭയന്നാണ് ആംആദ്മി പാര്‍ട്ടി തങ്ങളുടെ എംഎല്‍എമാരെ വിലക്കെടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു.

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാര്‍ട്ടി പിളരും. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ബിജെപി ബന്ധം വളരെ വ്യക്തമാണ്. പഞ്ചാബിലെ രണ്ടാം നിര നേതാക്കളോടാണ് സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസാരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിലെ ഏക്‌നാഥ് ഷിന്‍ഡെയാവും ഭഗവന്ത് മന്നെന്നും അമരീന്ദര്‍ സിംഗ് രാജ വാറിംഗ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Punjab Congress leadership today claimed that there were specific intelligence inputs that 12 disgruntled AAP MLAs were seriously looking for other political options

Next Story