Top

'മോദി വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ അപമാനിച്ചു'; വീഡിയോ ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ് നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്

18 March 2023 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദി വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ അപമാനിച്ചു; വീഡിയോ ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വിദേശ രാജ്യങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ് നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളില്‍ എപ്പോഴും ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തത് എന്ന അടിക്കുറിപ്പോടെ എട്ട് വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളിലുള്ള മിക്ക പ്രസംഗങ്ങളും മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടാണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനു പിന്നാലെ രാഹുലിനെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നല്‍കണമെന്ന് ബിജെപി. സ്പീക്കര്‍ക്ക് മാപ്പ് എഴുതി നല്‍കിയ ശേഷമേ സഭയില്‍ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാവൂ എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദി ജോഷി ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്റില്‍ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുലിനെ ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. രാഹുല്‍ പാര്‍ലമെന്റിന് മുമ്പാകെ മാപ്പ് പറയണമെന്നുമുള്ള ഭരണപക്ഷത്തിന്റെ ആവശ്യം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തുകയും ചെയ്തിയിരുന്നു.

STORY HIGHLIGHTS: PM Modi insulted India abroad Congress cites videos in response to Rahul Gandhi criticism

Next Story