അന്ന് ബിബിസിയെ പുകഴ്ത്തി മോദി; ഇന്ന് വിലക്ക്, 2013ലെ വീഡിയോ
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ബിബിസിയെ നരേന്ദ്ര മോദി പുകഴ്ത്തിയത്.
25 Jan 2023 12:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നു. ബിബിസി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് 2013ലെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ബിബിസിയുടെ വാര്‍ത്തകള്‍ക്ക് ആകാശവാണി, ദൂരദര്ശന് എന്നിവയുടെ വാര്‍ത്തകളെക്കാള്‍ വിശ്വാസ്യത ഉണ്ട് എന്നായിരുന്നു മോദിയുടെ അന്നത്തെ പ്രസ്താവന. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ബിബിസിയെ നരേന്ദ്ര മോദി പുകഴ്ത്തിയത്.
എന്നാല്‍ ഇന്ന് ബിബിസിയ്ക്ക് കൊളോണിയല്‍ അജണ്ടയാണ് എന്നാണ് കേന്ദ്രം പറയുന്നത്. അത് കൊണ്ട് തന്നെ ബിബിസിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററിക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. 'ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി വിലക്കിയതിന് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്.
അതേസമയം, വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്നലെ സംപ്രേക്ഷണം ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നതടക്കം മോദി സര്‍ക്കാര്‍ സ്വീകരിച്ച നിയമങ്ങളിലെ ന്യൂനപക്ഷ വിരുദ്ധത, കശ്മീര്‍ പുനസംഘടനയുടെ മറുപുറം തുടങ്ങിയവയാണ് രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയാലും സമൂഹത്തിന് മുന്നില്‍ അത് പ്രദര്‍ശിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
- TAGS:
- BBC
- BBC Documentary
- BJP
- Viral video