Top

ബംഗാളില്‍ തിരിച്ചുവരവിനൊരുങ്ങി സിപിഐഎം; യുവാക്കളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടും

19 Sep 2022 3:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാളില്‍ തിരിച്ചുവരവിനൊരുങ്ങി സിപിഐഎം; യുവാക്കളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിടും
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും 2023ല്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാനൊരുങ്ങി സിപിഐഎം. വിവിധ പരിപാടികളിലൂടെ ഉള്‍ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ വേരോട്ടം മെച്ചപ്പെടുത്താനായെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. മാര്‍ച്ചില്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സിപിഐഎം വിജയവും നാദിയ ജില്ലയിലെ ഒരു നഗരസഭ ഭരണം തിരിച്ചുപിടിച്ചതും അനുകൂല ഘടകങ്ങളായി സിപിഐഎം കണക്കാക്കുന്നു.

ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. 2008ല്‍ സിപിഐഎം വിജയിച്ചിരുന്ന തദ്ദേശ സീറ്റുകളില്‍ 50ശതമാനവും തൃണമൂല്‍ പിടിച്ചെടുത്തിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് മുമ്പില്‍ പൂര്‍ണമായും സിപിഐഎം അടിയറവ് പറഞ്ഞു.

തിരിച്ചുവരവിനുള്ള ഊര്‍ജിത ശ്രമത്തിലാണ് പാര്‍ട്ടി നേതാക്കള്‍. 1978ല്‍ അധികാരത്തിലെത്തിയ സിപിഐഎം കെട്ടിപ്പടുത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത കഴിഞ്ഞ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടെന്ന് സുജന്‍ ചക്രവര്‍ത്തി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൊള്ളയടിക്കാനുള്ളയിടങ്ങളാക്കി തൃണമൂല്‍ കോണ്‍ഗ്രസ് മാറ്റി. വിധവ പെന്‍ഷന്‍, നൂറുദിന തൊഴില്‍ ദിനങ്ങള്‍ എന്നെല്ലാം പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുക്കൊണ്ടിരിക്കുകയാണെന്ന് സുജന്‍ ചക്രവര്‍ത്തി ആരോപിച്ചു.

പഞ്ചായത്തുകളിലെ അഴിമതിയെ സംബന്ധിച്ച പരാതികള്‍ക്കായി പാര്‍ട്ടി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നടക്കുന്ന അഴിമതിയില്‍ ജനങ്ങള്‍ രോഷാകുലരാണെന്നും തൃണമൂലിന്റെ പ്രാദേശിക നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്നും പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള നേതാവ് ആരോപിച്ചു.

ജനങ്ങളുമായി നിരന്തരം സംവദിക്കുന്നതിനായി വിവിധ പരിപാടികളാണ് സിപിഐഎം സംഘടിപ്പിക്കുന്നത്. ഇടത് മുന്നണി ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ഭിമന്‍ ബോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രദേശീയ തലത്തില്‍ യോഗങ്ങള്‍ ചേരുന്നുണ്ട്. തൃണമൂലിനെ പരാജയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങളെന്ന് സുജന്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെയും യുവാക്കളെയും അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് സിപിഐഎം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 2018ലെ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് വന്ന ബിജെപിയെ ഗ്രാമീണര്‍ ബദലായി കാണുന്നില്ലെന്ന് മറ്റൊരു സിപിഐഎം നേതാവ് അഭിപ്രായപ്പെട്ടു.

STORY HIGHLIGHTS: CPIM is pinning hopes on the 2023 Bengal panchayat polls to stage a comeback in the electoral scene of the state

Next Story