'അധികാരം മോഹിച്ചുണ്ടായ കൂട്ടായ്മയല്ല, ഇത് ദൃഢമായത്'; എന്‍ഡിഎ മുന്നണിയെക്കുറിച്ച് വാചാലനായി മോദി

അടുത്ത പത്ത് വര്‍ഷം സദ്ഭരണം, വികസനം, സ്ത്രീകളുടെ ജീവിത നിലവാരം എന്നിവ ഉറപ്പാക്കും.
'അധികാരം മോഹിച്ചുണ്ടായ
കൂട്ടായ്മയല്ല, ഇത് ദൃഢമായത്'; എന്‍ഡിഎ മുന്നണിയെക്കുറിച്ച് വാചാലനായി മോദി

ന്യൂഡല്‍ഹി: രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും. തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ശേഷം എന്‍ഡിഎ യോഗത്തില്‍ സഖ്യകക്ഷികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. 'ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയിലെ ബന്ധം ദൃഢമാണ്. അധികാരത്തിലെത്താന്‍ ചില പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായ കൂട്ടായ്മയല്ല എന്‍ഡിഎ. രാജ്യമാണ് പ്രധാനം എന്ന ചിന്തയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മുന്നണിയാണ്. എന്‍ഡിഎയിലെ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു.' മോദി പറഞ്ഞു, പ്രതിപക്ഷത്തെ ലക്ഷ്യംവെച്ചായിരുന്നു പരാമര്‍ശം.

എന്‍ഡിഎ ഘടകകക്ഷികള്‍ എല്ലാം സദ്ഭരണം കാഴ്ച്ചവെച്ചവരാണ്. അടുത്ത പത്ത് വര്‍ഷം സദ്ഭരണം, വികസനം, സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഉയര്‍ച്ച എന്നിവ ഉറപ്പാക്കും. വികസനത്തിന്റെ പുതിയ അധ്യായം സൃഷ്ടിക്കും. വികസിത ഭാരതം എന്ന സങ്കല്‍പ്പം സാക്ഷാത്കരിക്കും. സദ്ഭരണത്തിന്റെ അധ്യായം രചിക്കുമെന്നും മോദി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ജയം പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു. സുരേഷ് ഗോപി, പവന്‍ കല്ല്യാണ്‍ എന്നിവരുടെ പേര് പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ദക്ഷിണ ഭാരതത്തില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കമിട്ടു. തലമുറകളായി വേട്ടയാടലുകള്‍ സഹിച്ചു. കേരളത്തില്‍ നിരവധി പേര്‍ ബലിദാനികളായി. എന്നിട്ടും പരിശ്രമം തുടര്‍ന്നു. ഒടുവില്‍ ഒരു അംഗം വിജയിച്ചെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

ഇന്‍ഡ്യാ സഖ്യം തിരഞ്ഞെടുപ്പിനെക്കുറിച്ച് അവിശ്വാസം സൃഷ്ടിച്ചു. തിരഞ്ഞെടുപ്പിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ രാജാവാണെന്ന് ലോകമെങ്ങും താന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഇവിടെ ചായക്കടക്കാരനാണ് ഭരിക്കുന്നതെന്നും ജനാധിപത്യം ഇല്ലെന്നും പ്രചരിപ്പിച്ചു. ഒടുവില്‍ എന്‍ഡിഎ സഖ്യം മഹാ വിജയം കൈവരിച്ചപ്പോള്‍ പരാജയമായി ചിത്രീകരിക്കാന്‍ പലരും ശ്രമിച്ചുവെന്നും മോദി വിമര്‍ശിച്ചു.

ജയത്തില്‍ ഉന്മാദിക്കുകയും തോറ്റവരെ പരിഹസിക്കുകയും ചെയ്യുന്നതല്ല ഞങ്ങളുടെ സംസ്‌കാരം. രാജ്യത്ത് ഇന്നലെയും ഇന്നും നാളെയും എന്‍ഡിഎയായിരിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തിന് ശേഷവും നൂറ് സീറ്റുകടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കൂടി കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ ഞങ്ങള്‍ ഒറ്റയ്ക്ക് നേടിയെന്നും മോദി പറഞ്ഞു.

'അധികാരം മോഹിച്ചുണ്ടായ
കൂട്ടായ്മയല്ല, ഇത് ദൃഢമായത്'; എന്‍ഡിഎ മുന്നണിയെക്കുറിച്ച് വാചാലനായി മോദി
നരേന്ദ്രമോദിക്ക് മൂന്നാമൂഴം; പുകഴ്ത്തി ചന്ദ്രബാബു നായിഡു, ഒപ്പമുണ്ടെന്ന് നിതീഷ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com