ഖജുരാഹോ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

ജനാധിപത്യത്തിന്റെ നഗ്‌നമായ ലംഘനമെന്ന് അഖിലേഷ് യാദവ്
ഖജുരാഹോ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയുടെ  പത്രിക തള്ളി

ഭോപ്പാല്‍: ഖജുരാഹോ മണ്ഡലത്തിലെ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മീരാ യാദവിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. പത്രിക അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാണിച്ചാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക നിരസിച്ചത്. പത്രികയോടൊപ്പമുള്ള 'ബി' ഫോമില്‍ യാദവ് ഒപ്പിട്ടിരുന്നില്ലെന്നും കൂടാതെ 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടര്‍മാരുടെ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചിട്ടില്ലെന്നും കാരണം പറഞ്ഞാണ് പത്രിക നിരസിച്ചത്.

വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യാദവിന്റെ ഭര്‍ത്താവ് ദീപ് നാരായണ്‍ യാദവ് അറിയിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഇന്നലെ ഫോം പരിശോധിച്ചു. സ്ഥാനാര്‍ത്ഥി നിരക്ഷരനാണെങ്കില്‍ പോലും എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ അത് തിരുത്തേണ്ടത് റിട്ടേണിങ് ഓഫീസറുടെ കടമയാണെന്ന നിയമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഫോറം ശരിയാണെന്നാണ് പറഞ്ഞത്. എന്നാല്‍, ഇന്ന് രണ്ട് പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പത്രിക തളളിയത് ജനാധിപത്യത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com