ജയിലിൽ നിന്നുള്ള ഭരണത്തിന് കടമ്പകളേറെ,‍ ഡൽഹി ഭരണപ്രതിസന്ധിയിലേക്കോ?

അങ്ങനെയൊരു കെട്ടിടം ജയിലാക്കി അവിടെ കെജ്‍രിവാളിന് വീട്ടുതടങ്കലിന് അനുമതി ലഭിച്ചാൽ മാത്രമേ പ്രതിസന്ധികളില്ലാതെ ഭരണം നടക്കൂ. ഇത് നടപ്പായില്ലെങ്കിൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണ് ആം ആദ്മിക്ക് ചെയ്യാനാകുക.
ജയിലിൽ നിന്നുള്ള ഭരണത്തിന് കടമ്പകളേറെ,‍ ഡൽഹി ഭരണപ്രതിസന്ധിയിലേക്കോ?

ഡൽഹി: തിഹാർ ജയിലിൽ നിന്ന് ഡൽഹി ഭരണം നടത്തുക എന്ന അരവിന്ദ് കെജ്‍രിവാളിന്റെ പദ്ധതി പാളിപ്പോകാനാണ് സാധ്യതയെന്ന് വിലയിരുത്തൽ. ജയിലിലിരുന്ന് സംസ്ഥാനം ഭരിക്കൽ അത്ര എളുപ്പമല്ലെന്നും ജയിൽ നിയമങ്ങൾ വരെ പൊളിച്ചെഴുതേണ്ടി വരുമെന്നുമാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. കെജ്‍രിവാളിന്റെ ജയിൽവാസം നീണ്ടുപോയാൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തുകയല്ലാതെ ആം ആദ്മി പാർട്ടിക്ക് മുമ്പിൽ വേറെ പോംവഴിയില്ല. ഇല്ലെങ്കിൽ ഡൽഹിയെ കാത്തിരിക്കുന്നത് ഭരണപ്രതിസന്ധിയായിരിക്കുമെന്ന് രാഷ്ട്രീയ വിദ​ഗ്ധരും വിലയിരുത്തുന്നു.

തിഹാറിൽ 16 ജയിലുകളുണ്ട്, എന്നാൽ മുഖ്യമന്ത്രിക്ക് പ്രവർത്തിക്കുന്നതിന് പര്യാപ്തമായ സംവിധാനം ഇവിടെയെങ്ങുമില്ല. ജയിലിനുള്ളിൽ യോ​ഗം ചേരാനോ ഫോണിൽ ആശയവിനിമയം നടത്താനോ കഴിയില്ല. ജയിലിലുള്ളവർക്ക് കുടുംബാം​ഗങ്ങളെ കാണാൻ അനുമതിയുണ്ട്, പക്ഷേ അഞ്ച് മിനിറ്റ് മാത്രമാണ് ഇതിന് സമയം അനുവദിക്കുക. കൂടിക്കാഴ്ചകളും സംഭാഷണങ്ങളും റെക്കോഡ് ചെയ്യുകയും ചെയ്യും. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് കാര്യങ്ങൾ കെജ്‍രിവാളിനും ആം ആദ്മിക്കും അത്ര എളുപ്പമാകില്ല എന്ന സാധ്യതയിലേക്കാണ്.

പിന്നെന്താണ് പോംവഴി? തിഹാറിന് പുറത്തുള്ള ഒരു കെട്ടിടം ജയിലായി പ്രഖ്യാപിക്കണം. പ്രഖ്യാപനം നടത്താനുള്ള അധികാരം ലഫ്. ​ഗവർണർക്കാണ്. അങ്ങനെയൊരു കെട്ടിടം ജയിലാക്കി അവിടെ കെജ്‍രിവാളിന് വീട്ടുതടങ്കലിന് അനുമതി ലഭിച്ചാൽ മാത്രമേ പ്രതിസന്ധികളില്ലാതെ ഭരണം നടക്കൂ. ഇത് നടപ്പായില്ലെങ്കിൽ പകരം മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണ് ആം ആദ്മിക്ക് ചെയ്യാനാകുക. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നുണ്ട്. പക്ഷേ, ഇരുവർക്കും പിന്നാലെ ഇഡിയുണ്ട്. ഏത് വിധേനയും ഇവരെയും കേസിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് വ്യക്തം. അരവിന്ദ് കെജ്‍രിവാൾ നൽകിയതെന്ന് പറയപ്പെടുന്ന മൊഴിയുടെ പേരിൽ അതിഷിയെയും സൗരഭിനെയും കുടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഈ ഭീഷണി നിലനിൽക്കുന്നതിനാൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്നെ പരി​ഗണിക്കുന്ന പേര് കെജ്‍രിവാളിന്റെ ഭാര്യ സുനിതയുടേതാണ്. ഇൻഡ്യ സഖ്യത്തിന്റെ ജനാധിപത്യ സംരക്ഷണ റാലിയിൽ വേദിയിലെത്തിയ സുനിത ഇതിനോടകം പൊതുരം​ഗത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിക്കഴി‍ഞ്ഞു.

ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന മുറവിളി ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാൻ ആം ആദ്മി പാർട്ടിക്ക് എത്രയും വേ​ഗം പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയേ മതിയാകൂ. സുനിത മുഖ്യമന്ത്രിയായാൽ പരോക്ഷമായാണെങ്കിലും പാർട്ടിയിലും സർക്കാരിലും അരവിന്ദ് കെജ്‌രിവാളിന് ചരടുവലിക്കാനാവും. സുനിത മുഖ്യമന്ത്രിയായായാൽ കെജ്‌രിവാൾ സർക്കാർ തന്നെയാണ് ഭരിക്കുന്നതെന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കാനുമാകും. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന കെജ്‌രിവാളിന്‍റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശബ്ദമുയർന്നിട്ടുണ്ടെന്നാണ് സൂചന. ഭരണപ്രതിസന്ധിയുണ്ടായാല്‍ ജനവികാരം പാർട്ടിക്ക് എതിരാകുമെന്നാണ് ഈ പക്ഷത്തിന്റെ വാദം. പാർട്ടിയുടെ ഏക കേന്ദ്രമായാണ് ഇക്കാലമത്രയും കെജ്‍രിവാൾ നിലകൊണ്ടിട്ടുള്ളത്. ആ സ്ഥാനത്തേക്ക് പകരം ആര് എന്നതിനുത്തരം അത്ര എളുപ്പമല്ല. പാർട്ടിയും ഡൽഹി ഭരണവും പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ കെജ്‍രിവാൾ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ഇന്ത്യ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ജയിലിൽ നിന്നുള്ള ഭരണത്തിന് കടമ്പകളേറെ,‍ ഡൽഹി ഭരണപ്രതിസന്ധിയിലേക്കോ?
കെജ്‌രിവാളിന്റെ മൊഴിയെന്ത്? അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇഡി ഉടൻ ചോദ്യം ചെയ്യും

Related Stories

No stories found.
logo
Reporter Live
www.reporterlive.com