'കോണ്‍ഗ്രസിന് 'ഇന്‍ഡ്യ' മുന്നണി പ്രധാനമാണ്, പക്ഷേ..'; നിതീഷ് കുമാറിനോട് ഖാര്‍ഗെ

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ധാരണയായിരുന്നു.
'കോണ്‍ഗ്രസിന് 'ഇന്‍ഡ്യ' മുന്നണി പ്രധാനമാണ്, പക്ഷേ..'; നിതീഷ് കുമാറിനോട് ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്‍ഡ്യ'യുടെ കാര്യങ്ങളില്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷ സഖ്യം കോണ്‍ഗ്രസിന് വളരെ പ്രധാനപ്പെട്ടത് തന്നെയാണെന്ന് നിതീഷിനോട് ഖാര്‍ഗെ പറഞ്ഞെന്നാണ് വിവരം.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിന് ശേഷം ഇന്‍ഡ്യ കൂട്ടായ്മയുടെ ആലോചനകളിലും സംയുക്ത റാലികളിലും കേന്ദ്രീകരിക്കുമെന്നാണ് ഖാര്‍ഗെ നിതീഷിനോട് വ്യക്തമാക്കിയത്.

'ലോക്സഭ സീറ്റ് വിഭജനത്തെക്കുറിച്ച് ഞങ്ങള്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ താല്‍പ്പര്യമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വ്യാപൃതരായിരിക്കുകയാണ് കോണ്‍ഗ്രസ്' എന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം.

എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വഴി തെളിക്കും എന്നാണ് കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈന്‍ മണിക്കൂറുകള്‍ക്കകം നിതീഷ് കുമാറിന് മറുപടി നല്‍കിയത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് - സമാജ് വാദി പാര്‍ട്ടി ഭിന്നത നേരത്തെ മറനീക്കി പുറത്ത് വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com