കർണാടകയിലെ ഹിജാബ് നിരോധനം; ഇളവ് നല്‍കി കോൺഗ്രസ് സര്‍ക്കാര്‍

കർണാടകയിലെ സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി
കർണാടകയിലെ ഹിജാബ് നിരോധനം; ഇളവ് നല്‍കി കോൺഗ്രസ് സര്‍ക്കാര്‍

ബംഗളൂരു: കർണാടകയിലെ വിവാദ ഹിജാബ് നിരോധനത്തിന് ഇളവുമായി കോൺഗ്രസ് സർക്കാർ. കർണാടകയിലെ സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) ഇനി വിലക്കുണ്ടാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ അറിയിച്ചു.

ഹിജാബ് വിലക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് പരീക്ഷകളിൽ നിന്നും ഹിജാബ് വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത്‌ പിൻവലിക്കുന്നതിന്‌ ഭരണഘടനാപരമായ നടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന നിരവധി സർക്കാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ തീരുമാനം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കർണാടകയിൽ അന്നത്തെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സമത്വത്തിനും പൊതുക്രമത്തിനുമെതിരാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ നടപടി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം നീക്കൽ എന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com