
ഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് പതാക ഉയർത്തിയത്. ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷ് നാരായൺ സിങ്, സ്റ്റേറ്റ് പാർലമെന്ററി കാര്യമന്ത്രിമാരായ അർജുൻ റാം മെഘാവാൾ, വി മുരളീധരൻ, ലോക്സഭാ രാജ്യസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദിൽ നടക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ ചടങ്ങിൽ പങ്കെടുത്തില്ല. ചടങ്ങിലേക്ക് ഒടുവിലായി ക്ഷണിക്കപ്പെട്ടതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറി ജനറൽ പ്രമോദ് ചന്ദ്രമോദിയെ ഖാർഗെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് തന്നെ പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തിയതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.
സെപ്റ്റംബർ 17ന് നടക്കുന്ന ചടങ്ങിലേക്ക് സെപ്റ്റംബര്ർ 15 ന് വൈകിയാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും ഇതിൽ കടുത്ത നിരാശയുണ്ടെന്നും രാജ്യസഭാ സെക്രട്ടറിയെ കത്തിലൂടെയാണ് ഖാർഗെ അറിയിച്ചത്. ഇതിനിടെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ വിളിച്ച് ചേർത്തിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സമ്മേളനം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. 19 ഗണേശ ചതുർഥി ആയതിനാൽ അന്ന് പുതിയ കെട്ടിടത്തിലേക്കു മാറുമെന്നാണ് സൂചന. പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ കക്ഷി നേതാക്കളെയും ഉൾപ്പെടുത്തിയുള്ള യോഗം ഇന്ന് 4.30ന് നടക്കും.
പ്രത്യേക പാർലമെന്ററി സമ്മേളനം അജണ്ട വ്യക്തമാക്കാതെ പെട്ടെന്ന് വിളിച്ച് ചേർത്തതിൽ നേരത്തേ അതൃപ്തി പുകഞ്ഞിരുന്നു. മാത്രമല്ല, സമ്മേളനത്തിന്റെ അജണ്ടയിലും പാർട്ടികൾ ആശങ്കയും സംശയവും പ്രകടിപ്പിച്ചിരുന്നു. വിവാദബില്ലുകളോ വിവാദ വിഷയങ്ങളോ കാര്യപരിപാടിയില് ഉള്പ്പെടുത്തിയിട്ടില്ല. നാല് ബില്ലുകളാണ് നിലവിലെ കാര്യപരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികത്തിന്റെ ഭാഗമായി നിയമനിര്മ്മാണ സഭയുടെ 75വര്ഷത്തെ യാത്ര എന്ന വിഷയത്തില് ചര്ച്ചയുണ്ടാകും. പ്രസ് ആന്ഡ് രജിസ്ട്രേഷന് ഓഫ് പീരിയോഡിക്കല് ബില്, അഭിഭാഷക ബില് പോസ്റ്റ് ഓഫീസ് ബില്, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരുടെ നിയമനം സംബന്ധിച്ച നിയമനിര്മ്മാണം തുടങ്ങിയവയാണ് നിലവില് കാര്യപരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ സെപ്റ്റംബർ 18 മുതൽ 22 വരെ നീളുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭാ-രാജ്യസഭാ സെക്രട്ടേറിയറ്റുകൾ അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ സെഷനിൽ അഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്. സാധാരണയായി ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കുന്നത് നിർണായകവും അടിയന്തരപ്രാധാന്യമുള്ളതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ്.