വീട് വില്പന കുറയുന്നു; ആവേശം ചോർന്ന് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി

പ്രീമിയം ഭവന പദ്ധതികൾക്ക് ആവശ്യക്കാർ വർധിക്കുന്നു

വീട് വില്പന കുറയുന്നു; ആവേശം ചോർന്ന് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി
സുമ സണ്ണി
1 min read|19 Feb 2026, 11:04 am
dot image

ഇന്ത്യയിലെ വീടുകളുടെ വില്പന മന്ദഗതിയിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. മുംബൈ, ഡെൽഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ വീട് വിൽപ്പന കണക്കുകളിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ ഈ തിരിച്ചടി റിയൽ എസ്റ്റേറ്റ് മേഖലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

housing sales

അനറോക്ക് ഗ്രൂപ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര ഏഴ് നഗരങ്ങളിൽ വീട് വില്പനയിൽ 2025-ൽ 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024-ൽ ഏകദേശം 4.59 ലക്ഷം യൂണിറ്റുകളായിരുന്ന വിൽപ്പന 2025-ൽ ഏകദേശം 3.96 ലക്ഷം യൂണിറ്റുകളിലേക്ക് ചുരുങ്ങിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജെഎൽഎൽ ഇന്ത്യ നടത്തിയ പഠനത്തിൽ രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളിലുടനീളമുള്ള ആകെ ഭവനവിൽപ്പനയിൽ പ്രതിവർഷം ഏകദേശം 11 ശതമാനം ഇടിവ് കാണുന്നുണ്ട്.ഏറ്റവും വലിയ ഇടിവ് 1 കോടി രൂപക്ക് താഴെയുള്ള വീടുകളുടെ വിഭാഗത്തിലാണ്. ഈ വിഭാഗത്തിൽ വിൽപ്പനയിൽ ഏകദേശം 30 ശതമാനം വരെ ഇടിവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു.

housing sales

അതേസമയം 1 കോടിയിൽ കൂടുതലുള്ള, പ്രത്യേകിച്ച് 2.5 കോടിക്ക് മുകളിലുമുള്ള വീടുകൾ ഉൾപ്പെടുന്ന പ്രീമിയം വീടുകളുടെ വിഭാഗത്തിൽ, പുതിയ ലോഞ്ചുകളിലും വിൽപ്പനയിലും ഉയർന്ന വിഹിതം നേടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വരുമാനം കൂടുന്നില്ല

രാജ്യത്ത് വീടുകളുടെ വില കുത്തനെ ഉയരുന്നതിനൊപ്പം വരുമാന വർധന സമാനതോതിൽ ഉണ്ടാകാത്ത സാഹചര്യത്തിൽ സാധാരണക്കാർക്ക് വീടുകൾ സ്വന്തമാക്കുന്നത് കൂടുതൽ പ്രയാസകരമാകുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.സാധാരണക്കാർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും ഇപ്പോൾ സ്വന്തമായി ഒരു വീട് എന്നത് വലിയൊരു കടമ്പയായി മാറിയിരിക്കുകയാണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പഠനങ്ങളിൽ ഉള്ളത്.

  • കൈപൊള്ളുന്ന വില: വീടുകളുടെ വില ശമ്പള വർധനവിനേക്കാൾ വേഗത്തിൽ കുതിച്ചുയരുന്നു

  • വായ്പാ ഭാരം: ബാങ്ക് ലോൺ എടുത്ത് വീട് വാങ്ങാമെന്നു കരുതിയാൽ തിരിച്ചടവ് തുക താങ്ങാനാവുന്നതിലും അപ്പുറമാണ്

ബാങ്കുകളിൽ നിന്ന് വീട് വാങ്ങാൻ വായ്പ എടുക്കുമ്പോൾ ഇപ്പോൾ ഉയർന്ന പലിശ നൽകേണ്ട സാഹചര്യമാണുള്ളത്. സിമന്റ്, ഇരുമ്പ് പോലുള്ള നിർമ്മാണ സാമഗ്രികളുടെ വിലയും ഗണ്യമായി ഉയർന്നു . ഇതോടെ വീടുകളുടെ വില വർധിച്ചതും സാധാരണക്കാർക്ക് വീടെന്നത് സ്വപനം മാത്രമായി മാറിയിരിക്കുകയാണ്.

premium segment homes

വില എത്രയായാലും സമ്പന്നർ റെഡി

1 കോടിക്ക് താഴെയുള്ള ഭവനവിഭാഗത്തിൽ ആവശ്യക്കാർ കുറയുന്നത് വിപണിയിലെ അസമത്വം വ്യക്തമാക്കുന്നതായി വിദഗ്ധർ പറയുന്നു. ഉയർന്ന വരുമാനക്കാരെ ലക്ഷ്യമിട്ട പ്രീമിയം ഭവന പദ്ധതികൾക്ക് ആവശ്യക്കാർ വർധിക്കുന്ന പ്രവണതയാണ് കാണുന്നത്.മധ്യവർഗത്തിനും ആദ്യമായി വീടു വാങ്ങുന്നവർക്കും സർക്കാർ സഹായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.ഇത് വിപണിക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട് .

എന്നാൽ , പുതിയ വീട് നിർമ്മാണ പദ്ധതികൾ വൈകിയാലോ, വില നിയന്ത്രിക്കാൻ വേണ്ട നടപടികൾ സർക്കാർ കൈകൊള്ളുകയോ ചെയ്തില്ലെങ്കിൽ വരുന്ന മാസങ്ങളിലും ഭവന വിൽപ്പന കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഭാവിയിലെ സാമ്പത്തിക നയങ്ങളും സർക്കാർ നീക്കങ്ങളും തന്നെയായിരിക്കും ഈ വിപണിയുടെ വളർച്ച തീരുമാനിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Data source : compiled from different studies

Content Highlights:Indian Real Estate Slowdown,Housing Sales Decline, Premium Segment Gains

dot image
To advertise here,contact us
dot image