വിമാനത്തിൽ ജോലിക്കിടെ നഗ്നനായി ഡാൻസ്, ലഹരി ഉപയോഗിച്ചെന്ന് സംശയം; ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാരൻ അറസ്റ്റിൽ

ഫ്‌ളൈറ്റിൽ കയറുന്നതിന് മുമ്പോ അതിന് ശേഷമോ ജീവനക്കാരൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് മറ്റ് ക്രൂ അംഗങ്ങൾ

dot image

ജോലിക്കിടെ ലഹരി ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാരൻ അറസ്റ്റിൽ. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ലണ്ടനിലേക്ക് പോയ ബിട്ടീഷ് എയർവേയ്‌സിന്റെ എയർബസ് എ380-800 ൽ സ്റ്റ്യൂവാർഡ് ആയി ജോലി ചെയ്ത വ്യക്തിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജീവനക്കാരൻ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടക്കുന്നതായും ദി സൺ റിപ്പോർട്ട് ചെയ്തു.

470 ഓളം യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ച വിമാനത്തിൽ ഭക്ഷണവിതരണത്തിനിടെ ജീവനക്കാരനെ കാണാതാവുകയായിരുന്നു. തുടർന്ന് ഡബിൾ ഡെക്കർ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് ജീവനക്കാർ പരിശോധന നടത്തി. ഇതിനിടെയാണ് വിമാനത്തിലെ ബിസിനസ് ക്ലാസ് ശുചിമുറിയിൽ നിന്ന് ജീവനക്കാരനെ ക്രൂ സൂപ്പർവൈസർ കണ്ടെത്തിയത്.


ശുചിമുറിയിൽ പൂർണ നഗ്‌നനായി നൃത്തം ചെയ്യുകയായിരുന്നു ജീവനക്കാരൻ, തുടർന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി ഫ്‌ളൈറ്റിൽ നൽകുന്ന വസ്ത്രം ജീവനക്കാരനെ ഫ്‌ലൈറ്റ് അറ്റൻഡന്റുകൾ ധരിപ്പിക്കുകയും ഒഴിഞ്ഞ ഒരു സീറ്റിൽ ഇരുത്തുകയുമായിരുന്നു. തുടർന്ന് ബ്രിട്ടീഷ് എയർവേയ്സ് അധികൃതരെ വിവരം അറിയിച്ചു. ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്‌ളൈറ്റിൽ കയറുന്നതിന് മുമ്പോ അതിന് ശേഷമോ ജീവനക്കാരൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് മറ്റ് ക്രൂ അംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നും ഇതിന് പുറമെ ക്രിമിനൽ അന്വേഷണത്തിന് പൊലീസിൽ പരാതി നൽകിയതായും ബ്രിട്ടീഷ് എയർവേയ്‌സ് പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlights: British Airways crew member arrested for dancing naked on flight

dot image
To advertise here,contact us
dot image