
റസ്‌റ്റോറന്റുകളെ ഒരു രാജ്യമായി പരിഗണിക്കുകയാണെങ്കിൽ അവിടുത്തെ രാജാവ് ആരായിരിക്കും? അത് കിരീടം വെക്കുന്ന ഷെഫ് ആയാലോ. ഒരു ഭക്ഷണശാലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള, അത് കൈകാര്യം ചെയ്യുന്നത് ഷെഫാണ്. ഭക്ഷണശാല വിജയമായാലും പരാജയമായാലും അതിന്റെ പ്രധാനകാരണം അവിടെ വിളമ്പുന്ന ഭക്ഷണമാണ്. പല അടുക്കളകളിലും ഷെഫുമാർ പല വലിപ്പത്തിലുള്ള തൊപ്പികളണിഞ്ഞ് ജോലി ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ.
ഷെഫുമാരുടെ തൊപ്പിയുടെ വലിപ്പം അവരുടെ സ്ഥാനത്തിനനുസരിച്ചാണ്. ഏറ്റവും വലിയ തൊപ്പി ധരിച്ച ആളാണ് ഏറ്റവും ഉയർന്ന ഷെഫ്. ഒരു ഷെഫിന്റെ അനുഭവ സമ്പത്തിന്റെയും, കൈപ്പുണ്യത്തിന്റെയും അടയാളമാണ് അവർ തലയിൽ കൊണ്ടുനടക്കുന്നത്.
തൊപ്പികൾ
ഷെഫുമാർ ധരിക്കുന്ന വെളുത്ത തൊപ്പി ടോക്ക് അല്ലെങ്കിൽ ടോക്ക് ബ്ലാഞ്ച് എന്ന് അറിയപ്പെടുന്നു. ടോക്ക് എന്നത് ഒരു ഫ്രഞ്ച് പദമാണ്. എങ്കിലും, തല മറയ്ക്കുന്നത് എന്ന് അർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ഈ പേര് വന്നതാണ് കരുതപ്പെടുന്നത്. പണ്ടത്തെ ഷെഫ് തൊപ്പികളിൽ നിന്ന് ഇന്നത്തേതിന് ധാരാളം വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട് നീണ്ട്, സിലിണ്ടറിക്കൽ രൂപവും വെളുത്ത നിറത്തിൽ പ്ലീറ്റുകളോടും കൂടിയ തൊപ്പികളായിരുന്നു ഉണ്ടായിരുന്നത്.
ഷെഫ് തൊപ്പികൾ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി നിരവധി കഥകളുണ്ട്. ഇന്ന് നാം കാണുന്ന തരത്തിലുള്ള ടോക്ക് ബ്ലാഞ്ച് തെപ്പികൾ 18-ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ രൂപം കൊണ്ടതായി കരുതപ്പെടുന്നു. ഷെഫ് മേരി ആന്റോയിൻ കാരിം എന്ന ഇതിഹാസ പാചകക്കാരിയാണ് ടോക്ക് തൊപ്പിയും, ക്ലാസിക് വൈറ്റ് ഷെഫ് കോട്ടും ലോകത്തിന് സംഭാവന ചെയ്തത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ അതിനും മുൻപേ, ഫ്രഞ്ച് പാചകക്കാരനായ കാസ്‌ക് എ മെച്ചെ ഇത്തരം തൊപ്പികൾ ധരിച്ചിരുന്നതായും ചില റിപ്പോർട്ടുകളിൽ പറയുന്നു.
തൊപ്പിയുടെ നിറവും ഷെഫുമാരുടെ സ്ഥാനത്തെ അടയാളപ്പെടുത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്റെ പാചകക്കാരനായിരുന്ന ഷെഫ് ബൗച്ചർ, വൃത്തിയെ അടിസ്ഥാനപ്പെടുത്തി വെളുത്ത തൊപ്പികൾ മാത്രമെ അടുക്കളയിൽ ധരിക്കാൻ പാടുള്ളു എന്ന നിബന്ധന കൊണ്ടുവന്നു.
സമൂഹത്തിൽ പാചകക്കാരുടെ സ്ഥാനം ഉയർത്തുന്നതിനും, അവരെ പ്രൊഫഷണലായി കാണിക്കുന്നതിനും വേണ്ടി ഷെഫ് മേരി ആന്റോയിൻ കാരിം പുതിയ വസ്ത്രങ്ങൾ രൂപപ്പെടുത്താൻ തീരുമാനിച്ചു. വൃത്തിയുള്ളതും, ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ളതുമായ വസ്ത്രങ്ങൾ ഷെഫുമാർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഷെഫ് മേരി ഉറച്ച് വിശ്വസിച്ചു. ഷെഫ് മേരിയുടെ കാലത്ത് 18 ഇഞ്ച് വരെ വലിപ്പമുള്ള തൊപ്പികൾ അവർ ധരിച്ചിരുന്നതായി ചില റിപ്പോർട്ടുകളിൽ പറയപ്പെടുന്നു. ഇത് അവരുടെ പാചകത്തോടുള്ള അഭിനിവേശത്തിന്റെയും, പാചകക്കാർ സമൂഹത്തിൽ വില ലഭിക്കേണ്ടവരാണെന്ന ചിന്തയുടെയും സൂചനയായി കണക്കാക്കപ്പെടുന്നു.
വലിപ്പത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ, ഷെഫുമാരുടെ ടോക്കിലെ മടക്കുകളുടെ എണ്ണവും സ്ഥാനത്തെ സൂചിപ്പിച്ചിരുന്നു. 100 മടക്കുകളുള്ള തൊപ്പി ധരിച്ച ഷെഫ് ഒരു മൂട്ട നൂറ് വ്യത്യസ്ത രീതികളില്‍ പാകം ചെയ്യുമെന്ന് വരെ പണ്ട് പറയുമായിരുന്നു.
പല റാങ്കുകളിലുള്ള ഷെഫുമാർ ജോലി ചെയ്യുന്ന അടുക്കളയിൽ ഏറ്റവും ഉയർന്ന പദവിയുള്ള എക്‌സിക്യൂട്ടിവ് ഷെഫ് ഏറ്റവും വലിയ ടോക്ക് ധരിച്ചിരിക്കും. പിന്നീട് സ്ഥാനം കുറയുന്നതിനനുസരിച്ച് ടോക്കിന്റെ വലിപ്പം കുറഞ്ഞ് വരും. ഇതാണ് രീതിയെങ്കിലും ഇന്നത്തെ പല ഭക്ഷണശാലകളിലെ അടുക്കളകളിലും അത് അത്രമേല്‍ കൃത്യതയോടെ പാലിക്കാറില്ല.
വിവിധതരം തൊപ്പികൾ
പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടോക്കിന് പുറമെ, ഇന്ന് ഷെഫുമാർ അവരവരുടെ വ്യക്തിഗത താൽപ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തൊപ്പികൾ ധരിക്കാറുണ്ട്. പ്രൊഫഷണൽ അടുക്കളകളിൽ കാണപ്പെടുന്ന ചില തൊപ്പികൾ;
ഷെഫ് ബീനി; ആധുനിക അടുക്കളകളിൽ പ്രചാരത്തിലുള്ള ഒരുതരം ഇറുകിയ തൊപ്പിയാണ് ഷെഫ് ബീനി.
ഫ്‌ളാറ്റ് ക്യാപ്പ്; ബീററ്റ് എന്നും അറിയപ്പെടുന്നു. കൂടുതൽ ക്യാഷ്വൽ സ്വഭാവമുള്ള മൃദുവായതും, പരന്നതുമായ തൊപ്പിയാണ് ഇത്.
പിൽബോക്‌സ് തൊപ്പി; ടോക്ക് പോലെ തോന്നുമെങ്കിലും അൽപം കൂടി ഒതുക്കമുള്ള തൊപ്പികളാണ് പിൽബോക്‌സ്.
ബേസ്‌ബോൾ ക്യാപ്പുകൾ; ഔട്ട്‌ഡോറിൽ സെറ്റ് ചെയ്തിരിക്കുന്ന അടുക്കളകളിൽ കാണപ്പെടുന്ന തൊപ്പികളാണ് ബേസ്‌ബോൾ ക്യാപ്പ്.
Content highlight: Why Chefs Wear Tall White Hats in the Kitchen