വടക്കാഞ്ചേരിയില്‍ ദമ്പതികളെ ബന്ദികളായി മോഷണം; ആറ് പേര് കസ്റ്റഡിയില്‍
സെപ്തംബര്‍ 22 നാണ് ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി സംഘം കവര്‍ച്ച നടത്തിയത്
4 Oct 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ചുവട്ടുപാടത്ത് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ആറ് തമിഴ്നാട് സ്വദേശികളാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. കേശവന്, പ്രഭു, മുഹമ്മദ് അബ്ദുള്ള, തമിഴ് ശെല്വന്, യുവറാണി, യമുന റാണി എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ വൃദ്ധയുടെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്.
സെപ്തംബര്‍ 22 നാണ് ചുവട്ടുപാടത്ത് ദമ്പതികളെ ബന്ദികളാക്കി സംഘം കവര്‍ച്ച നടത്തിയത്. സംഘം എത്തിയ കാറും ബൈക്കും തമിഴ്നാട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വജ്രാഭരണങ്ങള്‍ അടക്കം ഇരുപത്തിയഞ്ചര പവനും 10000 രൂപയുമാണ് നഷ്ടപ്പെട്ടത്. ചുവട്ടുപാടം സ്വദേശി സാം പി ജോണിന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടിനകത്ത് പ്രവേശിച്ച മോഷണ സംഘം സാമിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം തുണികൊണ്ട് കൈ കൂട്ടികെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കെഎല്‍ 11 രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്.