'മഴ പെയ്താലും ഇല്ലെങ്കിലും ജോ ജോസഫ് വിജയിക്കും'; പി സി ജോര്‍ജ്ജ് ചര്‍ച്ചയാവില്ലെന്നും മുഹമ്മദ് റിയാസ്
തൃക്കാക്കരയില്‍ പി സി ജോര്‍ജ് വിവാദം ചര്‍ച്ചയാവില്ലെന്നും മുഹമ്മദ് റിയാസ് വിശദീകരിച്ചു.
29 May 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് വിജയം ഉറപ്പായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫിനെതിരെ വോട്ട് ചെയ്യാന്‍ തൃക്കാകര കാത്തിരിക്കുകയാണ്. മഴ പെയ്താലും ഇല്ലെങ്കിലും ജോ ജോസഫ് വിജയിക്കുമെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
മാറ്റത്തിനും വികസനത്തിനുമാണ് തൃക്കാക്കരയുടെ വോട്ട്. ഇവിടെ വട്ടിയൂര്‍ക്കാവ് ആവര്‍ത്തിക്കും. യുഡിഎഫിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. അത്ഭുതകരമായ ചാഞ്ചാട്ടമായിരിക്കും ഇതെന്നും മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'ജനങ്ങള്‍ മാറ്റത്തിന്റെ കൂടെയാണ്. യുഡിഎഫ് അഴിമതിയുടെ പ്രതീകമാണ് പാലാരിവട്ടം. തൃക്കാകരയ്ക്ക് അക്കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്. അഴിമതിയില്‍ മുങ്ങികുളിച്ച യുഡിഎഫ് ഭരണം.' റിയാസ് പറഞ്ഞു.
തൃക്കാക്കരയില്‍ പി സി ജോര്‍ജ് വിവാദം ചര്‍ച്ചയാവില്ലെന്നും മുഹമ്മദ് റിയാസ് വിശദീകരിച്ചു. വികസനമാണ് ഇവിടെ വിഷയം. ചര്‍ച്ച വഴി മാറ്റാനുള്ള പല ശ്രമങ്ങളും നടക്കുന്നുണ്ട്. വോട്ടര്‍മാര്‍ അതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യന്‍ മിഷണറിമാരെ സംഘ്പരിവാര്‍ വേട്ടയാടുന്നത് എല്ലാവരും കണ്ടതാണ്. ബിജെപി സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രോഗ്രാമായി ഈ വേട്ട തുടരുന്നു. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതിന് കാരണം എല്‍ഡിഎഫ് സര്‍ക്കാരാണ്. ജനം സ്വസ്ഥത ആഗ്രഹിക്കുന്നുണ്ട്.സാഹോദര്യത്തിനെതിരെ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഏത് ശ്രമവും ജനം ചെറുക്കും. സംഘ്പരിവാറിനേക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും മന്ത്രി വ്യക്തമാക്കി.