'ഞാന്‍ ആ കളരിയില്‍ നിന്ന് വന്നവനാണ്, അന്നൊന്നും അവിടെ കണ്ടില്ലല്ലോ'; വിഡി സതീശന് മുന്നില്‍ കോണ്‍ഗ്രസ് പാരമ്പര്യം നിരത്തി അന്‍വര്‍
28 Oct 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ എംഎല്‍എ. തന്റെ മറുപടി ലഭിക്കാനുള്ള അര്‍ഹത അന്‍വറിനില്ലെന്ന് വിഡി സതീശന് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ അന്‍വര്‍ തന്റെ രാഷ്ട്രീയ പാരമ്പര്യം മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ദീര്‍ഘ നേരം നീണ്ട പ്രസംഗത്തില്‍ അന്‍വര്‍ തന്രെ പഴയ കാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുത്തു. ഇന്ന് സീനിയോരിറ്റി പറയുന്നവരെയൊന്നും അന്ന് കണ്ടിരുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
'എന്നെ കാണാനില്ല എന്ന് പറഞ്ഞ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയ്ക്കകത്തും പുറത്തുമൊക്കെ നടത്തിയ പ്രക്ഷോഭങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേരളത്തിലെ പത്ര മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് പിവി അന്‍വറിനോട് മറുപടി പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നാണ്. എനിക്ക് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോട് പറയാനുള്ളത് അദ്ദേഹവും ഞാനുമൊക്കെ ഒരു കളരിയില്‍ നിന്ന് വന്നതാണ്. വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയത്തിലൂടെയാണ് നമ്മളൊക്കെ ഇവിടെ എത്തിയത്,' അന്‍വര്‍ പറഞ്ഞു
'ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്യു പ്രവര്‍ത്തനം തുടങ്ങിയതാണ് ഞാന്‍. അത് കഴിഞ്ഞ് 1985 ല്‍ എംഇഎസ് മാമ്പാട് കോളേജില്‍ കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറിയായി ഒറ്റയ്ക്ക് ജയിച്ച് മത്സരിച്ചയാളാണ് ഞാന്‍. 1988 ല്‍ കേളേജ് യൂണിയന് ചെയര്‍മാനായിട്ടുണ്ട്. 1989 ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രഡിഡന്റായിരുന്നു. അന്ന് ബഹുമാനപ്പെട്ട മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്. അദ്ദേഹത്തിന് ഈ നാള് വഴികള്‍ ഒന്ന് പറഞ്ഞു കൊടുക്കാനാണ്. ആ രമേശ് ചെന്നിത്തല അന്നത്തെ നായനാര്‍ സര്‍ക്കാരിനെ വാഗ്ദത്ത തൊഴിലെവിടെ എന്ന് ചോദിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തിയിരുന്നു. ആ ജാഥയില്‍ 700 കിലോ മീറ്റര്‍ നടന്ന അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. അന്നൊന്നും ഈ സീനിയോരിറ്റി പറയുന്ന ആളുകളെ കണ്ടിട്ടില്ല. അദ്ദേഹം കളിച്ച അതേ കളരിയില്‍ അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടായിട്ടുണ്ട്. പിന്നീട് ഡിഐസി വന്നു. അതില്‍ ജില്ലാ വൈസ് പ്രസിഡന്റായി ഞാന്‍ പ്രവര്‍ത്തിച്ചു. ഡിഐഎസി രായ്ക്ക് രാമാനം തലമറിഞ്ഞ് കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ ആദ്യ നിലപാടില്‍ ഉറച്ച് നിന്ന് ഇടകു പക്ഷത്തോടൊപ്പം ഉറത്ത് നിന്നയാളാണ് ഞാന്‍,' പിവി അന്‍വര്‍ പറഞ്ഞു.