Top

നെഹ്‌റുവിനും എകെജിക്കും ശബരിമലക്കും പൂമാലകെട്ടി; നൂറാം വയസില്‍ ഓണപ്പൂക്കള്‍ ഒരുക്കി മുഹമ്മദിക്ക

31 Aug 2022 3:06 AM GMT
ഇഖ്ബാല്‍ അറക്കല്‍

നെഹ്‌റുവിനും എകെജിക്കും ശബരിമലക്കും പൂമാലകെട്ടി; നൂറാം വയസില്‍ ഓണപ്പൂക്കള്‍ ഒരുക്കി മുഹമ്മദിക്ക
X

പാലക്കാട്: പൂവിപണിയിൽ മാറ്റി നിർത്താൻ കഴിയാത്ത നാടാണ് പാലക്കാട്. ഓണക്കാലത്ത് പച്ചക്കറി മാത്രമല്ല കേരളത്തിന്റെ അങ്ങോളമിങ്ങോളം പൂ എത്തിക്കുന്നതിലും പാലക്കാട്ടുകാർ മുന്നിലാണ്. എന്നാൽ പൂവെന്ന് കെട്ടാൽ പാലക്കാട്ടുകാരുടെ ഓർമ്മയിൽ ഓടിയെത്തുന്ന ഒരു മുഖമുണ്ട്. ആറാം വയസ്സിൽ പൂ വിൽപ്പന ആരംഭിച്ച പാലക്കാട് പുതുപള്ളി തെരുവ് സ്വദേശി മുഹമ്മദുപ്പയെന്ന പൂ മുഹമ്മദിക്ക. നൂറ് വയസ്സ് പിന്നിട്ടുവെങ്കിലും ഈ ഓണക്കാലത്തും പൂ വിൽപ്പനയിൽ സജീവമായിരിക്കുകയാണ് മുഹമ്മദിക്ക.

പൂക്കളെ നെഞ്ചിലേറ്റി നടക്കുന്ന മുഹമ്മദിക്ക പൂവിൽപ്പനയിലൂടെ മാത്രമല്ല താരമായത്, പണ്ട് പാലക്കാട് എത്തിയ ജവഹർലാൽ നെഹ്റുവിനും എകെജിക്കുമെല്ലാം പൂമാല കെട്ടി കൊടുത്തതും മുഹമ്മദിക്കയാണ്. പതിറ്റാണ്ടുകളോളം പൂവിൽപ്പന നടത്തിയ മുഹമ്മദിക്ക പുതുപ്പള്ളിതെരുവുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

'നെഹ്റുവിന് പൂകെട്ടി കൊടുത്തു, ശബരിമലയിലെ പതിനെട്ടാം പടിക്ക് മാല കെട്ടി കൊടുത്തു. വാപ്പാന്റെ വാപ്പയും പൂക്കച്ചവടം തന്നെയായിരുന്നു. നാലാം തലമുറയായ എന്റെ മക്കൾക്കും ഇപ്പോൾ പൂക്കച്ചവടം തന്നെയാണ്. 1948ൽ ജവഹർലാൽ നെഹ്റു പാലക്കാട്ട് വന്നിരുന്നു. അന്ന് ഞങ്ങൾ കമ്മിറ്റിക്കാർ ഒരു രാത്രി പകലാക്കിയാണ് മാല കെട്ടിയത്. സിഎച്ച് മുഹമ്മദ് കോയക്കും എകെജിക്കുമെല്ലാം ഞാൻ പൂ കെട്ടികൊടുത്തിട്ടുണ്ട്,' മുഹമ്മദിക്ക പറഞ്ഞു.

ഓണമെത്തിയതോടെ പൂ വാങ്ങാൻ മുഹമ്മദിക്കയെ തേടി എത്തുന്നവർ നിരവധിയാണ്. ഈ ഓണക്കാലത്ത് പുതുപ്പള്ളി തെരുവിലെ ആ കൊച്ചുകടയിലേക്ക് തന്നെ തേടിയെത്തുന്നവർക്ക് ചരിത്രത്തിന്റെ കൂടി മണമുള്ള ഒരു നൂറ് മുഴം പൂമാലകൾ നൽകനായുളള തെരക്കിലാണ് മുഹമ്മദിക്ക.

Next Story