'വെള്ളപ്പുറത്ത്' പുതുവത്സരാഘോഷം; ആഡംബരകപ്പല്‍ ഒരുക്കി കെഎസ്ആര്‍ടിസി
കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്റെ കപ്പല്‍ വാടകയ്ക്കെടുത്താണ് കെഎസ്ആര്‍ടിസി ആഘോഷ രാത്രി സംഘടിപ്പിക്കുന്നത്.
22 Dec 2021 11:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആഴക്കടലില്‍ ആഘോഷമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ നിന്നു പുറപ്പെടുന്ന നെഫര്‍റ്റിറ്റി എന്ന ക്രൂസര്‍ കപ്പലിലാണ് കെഎസ്ആര്‍ടിസി 5 മണിക്കൂര്‍ ആഘോഷം സംഘടിപ്പിക്കുന്നത്. 4499 രൂപയാണു നിരക്ക്. വിപുലമായ ആഘോഷപരിപാടികളാണ് കപ്പലില്‍ കെഎസ്ആര്‍ടി വാഗ്ദാനം ചെയ്യുന്നത്. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്റെ കപ്പല്‍ വാടകയ്ക്കെടുത്താണ് കെഎസ്ആര്‍ടിസി ആഘോഷ രാത്രി സംഘടിപ്പിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി തത്സമയ പ്രകടനം, ഡിസ്കോ ജോക്കി കോമ്പോയ്ക്കൊപ്പം ലൈവ് വാട്ടര്‍ ഡ്രംസ് (സണ്‍ബേണ്‍ ഫെയിം ആര്‍ട്ടിസ്റ്റ്), രസകരമായ ഗെയിമുകള്‍, തത്സമയ സംഗീതം, നൃത്തം
വിഷ്വലൈസിംഗ് ഇഫക്റ്റുകളും പവര്‍ പാക്ക്ഡ് മ്യൂസിക് സിസ്റ്റവും, ബുഫെ ഡിന്നര്‍, ഒരു ടിക്കറ്റിന് കോംപ്ലിമെന്ററി ഡ്രിങ്ക്, കുട്ടികള്‍ക്ക് കളിസ്ഥലവും തിയേറ്ററും, കടല്‍ക്കാറ്റും അറബിക്കടലിന്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ തുറന്ന സണ്‍ ഡെക്കിലേക്കുള്ള പ്രവേശനം, ഓണ്‍ബോര്‍ഡ് ലക്ഷ്വറി ലോഞ്ച് ബാര്‍ എന്നിവയാണ് ലഭ്യമാകുന്ന സൗകര്യങ്ങള്‍. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് അവസരം. രാത്രി 9 മണിക്ക് പുറപ്പെടുന്ന കപ്പല്‍ പുലര്‍ച്ചെ 2 ന് തിരിച്ച് കൊച്ചിയിലെത്തും. ബോള്‍ഗാട്ടി ഐഡബ്ല്യൂഎഐ ജെട്ടിയാണ് എംബാര്‍ക്കേഷന്‍ പോയിന്റ. ബുക്ക് ചെയ്യുന്നവരെ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് എ.സി ബസില്‍ കൊണ്ടുപോയി തിരികെയെത്തിക്കും.
അതേസമയം, പുറത്തെ മദ്യങ്ങള്‍ ക്രൂയിസിനുള്ളില് അനുവദനീയമല്ല. ഇവ കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും, പിടിച്ചെടുത്ത കുപ്പികള്‍ തിരികെ നല്‍കില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിയന്ത്രിക്കും കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നല്‍കില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. റജിസ്ട്രേഷന്: 99950 90216, 94004 67115.